കേരള ബാങ്കും മിൽമയും ധാരണാപത്രം ഒപ്പുവച്ചു
Wednesday, January 8, 2025 11:48 PM IST
തിരുവനന്തപുരം: ആഭ്യന്തര പാലുത്പാദനം വർധിപ്പിക്കുന്നതിനും ക്ഷീര കർഷകരുടെയും മിൽമ ഡീലർമാരുടെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുമായി കേരള ബാങ്കുമായി മിൽമ ധാരണാ പത്രം ഒപ്പുവച്ചു.
ഇന്നലെ കേരള ബാങ്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെയും മിൽമ ചെയർമാൻ കെ.എസ്. മണിയുടെയും സാന്നിധ്യത്തിൽ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയും മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫും ആണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്.
ധാരണ പ്രകാരം ക്ഷീരകർഷകർക്ക് കേരള ബാങ്കിന്റെ ക്ഷീര മിത്ര വായ്പാ പദ്ധതിയിലൂടെ ലളിതമായ വ്യവസ്ഥയിൽ കന്നുകാലികളെ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി മൂന്നു ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാകും.
കൂടാതെ മിൽമയുടെ ഫ്രാഞ്ചൈസി ഉടമകൾക്ക് അവരുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന മിൽമ ഫ്രാഞ്ചൈസി കാഷ് ക്രെഡിറ്റ് ലോണും അനുവദിക്കും.
കേരളത്തിലെ രണ്ട് പ്രമുഖ സഹകരണ സ്ഥാപനങ്ങൾ ചേർന്നുള്ള ഈ ധാരണയിലൂടെ 10.6 ലക്ഷത്തിലധികം ക്ഷീരകർഷകർക്കും മുപ്പതിനായിരത്തിലധികം പാൽ വിതരണ ഏജൻസികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും കേരള ബാങ്കിന്റെ ക്ഷീര മിത്ര വായ്പയുടെയും ഫ്രാഞ്ചൈസി വായ്പയുടെയും പ്രയോജനം ലഭിക്കും.