ജിഡിപി വളർച്ച കുറഞ്ഞേക്കും
Tuesday, January 7, 2025 11:03 PM IST
ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച മുൻ സാന്പത്തിക വർഷത്തെ 8.2 ശതമാനത്തിൽനിന്ന് 6.4 ശതമാനമായി കുറഞ്ഞേക്കും.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം മന്ത്രാലയം പുറത്തിറക്കിയ ജിഡിപിയുടെ കണക്കുകൾ ഇതു വ്യക്തമാക്കുന്നു.
രാജ്യം 5.8 ശതമാനം നെഗറ്റീവ് വളർച്ച കൈവരിച്ച കോവിഡ് കാലത്തത്തിന് (2020-21) ശേഷമുള്ള ഏറ്റവും കുറഞ്ഞ ആഭ്യന്തര ഉൽപ്പാദന നിരക്കായിരിക്കും 6.4 ശതമാനം.
2021-22ൽ ഇത് 9.7 ശതമാനമായിരുന്നു. 2022-23ൽ 7 ശതമാനം; 2024 മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷത്തിൽ 8.2 ശതമാനവും.
2024 ഡിസംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ച 6.6 ശതമാനത്തേക്കാൾ കുറവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ കണക്ക്.
ഈ സാന്പത്തിക വർഷത്തിന്റെ ആദ്യ പകുതി മങ്ങിയിരുന്നു. എന്നിരുന്നാലും സാന്പത്തിക വർഷാവസാനത്തോടെ 6.4-6.8 ശതമാനം വളർച്ച കൈവരിക്കുന്നതിനുള്ള വളർച്ചാ പാതയിൽ ഇന്ത്യയെ നിലനിർത്തുന്നതിന് രണ്ടാം പകുതിയിൽ കാർഷിക, വ്യവസായ രംഗത്തെ കുതിച്ചുചാട്ടവും ഗ്രാമീണരംഗത്തെ ശക്തമായ ഡിമാൻഡും സാന്പത്തികവർഷാവസാനം മന്ത്രാലയം പ്രതീക്ഷിച്ചിരുന്നു.