കൂടുതൽ ലിഥിയം നിക്ഷേപം തേടി ഇന്ത്യ
Wednesday, January 8, 2025 11:48 PM IST
ന്യൂഡൽഹി: ലിഥിയം പര്യവേക്ഷണത്തിനായി ജമ്മു കാഷ്മീരിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ രണ്ട് ബ്ലോക്കുകളിലാണ് ലിഥിയം പര്യവേക്ഷണം നടത്തുന്നത്. രണ്ട് ബ്ലോക്കുകളിലെയും ലിഥിയം ശേഖരം എത്രയുണ്ടെന്ന് ഒക്ടോബറോടെ അറിയാനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2023ൽ ജമ്മു കാഷ്മീരിലെ റിയാസി ജില്ലയിൽ 5.9 മില്യണ്‍ ടണ്ണിന്റെ ലിഥിയം നിക്ഷേപം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതോടെ ഇന്ത്യ ലോകത്ത് ഏറ്റവുമധികം ലിഥിയം നിക്ഷേപമുള്ള ആറാമത്തെ രാജ്യമായി. യുഎസ്, ഓസ്ട്രേലിയ, ചിലി, ചൈന, അർജന്റീന, ബൊളിവിയ എന്നി രാജ്യങ്ങളാണ് മുന്നിൽ.
1999ൽ ജമ്മു കാഷ്മീരിലാണ് ആദ്യമായി ഇന്ത്യയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. അന്ന് ‘വൈറ്റ് ഗോൾഡ്’ എന്നറിയപ്പെടുന്ന ലിഥിയം ലോഹത്തിന് പ്രാധാന്യം കുറവായിരുന്നു. പ്രധാനമായും കെമിക്കൽസ്, ഗ്ലാസ്, ഫാർമസ്യൂട്ടിക്കൽ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിത്തുടങ്ങിയതോടെ ഏറ്റവുമധികം ആവശ്യമുള്ള ധാതുക്കളിലൊന്നായി ലിഥിയം. കൂടാതെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ ബാറ്ററി നിർമാണത്തിലും ലിഥിയം കൂടിയേ തീരൂ.
ജമ്മു കാഷ്മീരിനു പിന്നാലെ കർണാടക (1600 ടണ്‍), രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നും ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.