വടക്കഞ്ചേരി: വാഹനയാത്രക്കാരെ അപകടത്തിലാക്കാൻ പാതയോരങ്ങളിലെല്ലാം പൊന്തക്കാടുകൾ. പന്നിക്കൂട്ടങ്ങൾ ചാടി ഏതുസമയവും അപകടം സംഭവിക്കാവുന്ന സ്ഥിതിയിലാണ് പാതകളുടെ ഇരുവശങ്ങളിലും പൊന്തക്കാടുകൾ നിറഞ്ഞുനിൽക്കുന്നത്. പന്നികളുടെ ആക്രമണത്തിൽ ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിക്കാനിടയായ വടക്കഞ്ചേരി - പുളിങ്കുട്ടം റോഡിൽ ആയക്കാട് പാടത്ത് ടാർ റോഡ് വരെയാണ് ഇരുഭാഗത്തും പൊന്തക്കാടുള്ളത്.
ഒരു വർഷം മുമ്പാണ് ഈ പാടത്ത് വച്ച് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഓട്ടോമറിഞ്ഞ് അപകടമുണ്ടായത്. മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കരിപ്പാലിയിലും കൊഴുക്കുള്ളി - മുടപ്പല്ലൂർ റോഡിൽ പുഴ പാലത്തിനടുത്തും പഞ്ചായത്ത് റോഡുകളിലുമെല്ലാം ഇത്തരം അപകട കെണികളുണ്ട്.മലയോരപാതകളാണ് ഏറെ അപകടമുണ്ടാക്കുന്നത്. ഇരുചക്ര വാഹന യാത്രികർ കൂടുതൽ കരുതൽ വേണം. പന്നികൾ കൂട്ടത്തോടെ പായുമ്പോൾ വാഹനത്തിൽ തട്ടി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെടും.