മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും വിപുലമായി സംഘടിപ്പിക്കും
1464844
Tuesday, October 29, 2024 7:16 AM IST
കാസര്‍ഗോഡ്: ജില്ലാ ഭരണ സംവിധാനത്തിന്റെയും വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും നവംബര്‍ ഒന്നിന് വിപുലമായി സംഘടിപ്പിക്കും.
ജില്ലാതല പരിപാടി നവംബര്‍ ഒന്നിന് രാവിലെ 10നു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിക്കും. ചരിത്ര ഗവേഷകന് ഡോ.സി. ബാലന്, തുളു, കന്നട സാഹിത്യത്തിനും ഭാഷയ്ക്കും പാര്ശ്വവല്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും സംഭാവനകള്‍ നല്കിയ എഴുത്തുകാരന് സുന്ദര ബാറഡുക്ക എന്നിവരെ ചടങ്ങില്‍ ആദരിക്കും.
അട്ടേങ്ങാനം സ്വദേശിയായ ഡോ.സി. ബാലന് കാസര്‍ഗോഡിന്റെ ജനകീയ ചരിത്ര ഗവേഷകന് ആണ്. കാസര്‍ഗോഡ് ബാറഡുക്ക സ്വദേശിയാ സുന്ദര ബാറഡുക്ക കന്നട, തുളു ഭാഷകളില്‍ കവിതകളും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച എഴുത്തുകാരനാണ്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് കെ.വി. കുമാരന് മുഖ്യപ്രഭാഷണം നടത്തും.