പനത്തടി വില്ലേജ് എക്സ്റ്റൻഷൻ അടച്ചിട്ട നിലയിൽ
1466824
Tuesday, November 5, 2024 8:49 AM IST
പനത്തടി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കൾ നിർവഹണ ഉദ്യോഗസ്ഥനായ വിഇഒ ഓഫീസിൽ എഗ്രിമെന്റ് നടപടികൾക്കായി എത്തിയപ്പോൾ പൂട്ടിയിട്ട ഓഫീസ് കണ്ടു നിരാശരായി മടങ്ങി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ നവംബർ ഒന്നു മുതൽ ഓഫീസ് അടച്ചിട്ട് പ്രതിഷേധ സമരത്തിൽ ആയതാണ് കാരണം.
പനത്തടി പഞ്ചായത്തിൽ 438 ഗുണഭോക്താക്കൾക്കാണ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്. കൂടാതെ ലൈഫ് ഭവന പദ്ധതി പ്രകാരം 638 ഗുണഭോക്താക്കൾ വീട് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ജില്ലയിൽ ഏറ്റവും അധികം ഗുണഭോക്താക്കൾ ഉള്ള പഞ്ചായത്തും പനത്തടി തന്നെ. രണ്ടു വിഇഒമാർ നിലവിലുള്ള പഞ്ചായത്തിൽ ഒരാൾ കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയി. മറ്റൊരാൾ ട്രെയിനിംഗിനായി പോയി. നിലവിൽ കള്ളാർ സർക്കിളിലെ വിഇഒക്കാണ് ചാർജ്.
ആയിരത്തിലധികം ഗുണഭോക്താക്കളെ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയ പനത്തടി പഞ്ചായത്തിൽ അടിയന്തരമായി വിഇഒമാരെ നിയമിക്കണമെന്നും ന്യായമായ ആവശ്യങ്ങൾക്കായി സമരത്തിൽ ഏർപ്പെട്ട ഇവരുടെ സമരം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണമെന്നും. ഗുണഭോക്താക്കളുടെ മുടങ്ങിക്കിടക്കുന്ന ഗഡുക്കൾ അടിയന്തരമായി വിതരണം ചെയ്യണമെന്നും പനത്തടി പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ കെ.ജെ. ജയിംസ്, എൻ. വിൻസെന്റ്, രാധ സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു.