നീലേശ്വരത്ത് കൃഷിവകുപ്പിന്റെ കേരള ഗ്രോ ബ്രാന്റഡ് ഷോപ്പ് തുടങ്ങി
1466243
Sunday, November 3, 2024 7:27 AM IST
നീലേശ്വരം: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണി ശൃംഖല വികസനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന കേരള ഗ്രോ ബ്രാന്റഡ് ഷോപ്പുകളുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് നടന്നു.
നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ എം. രാജഗോപാലൻ എംഎൽഎയാണ് ജില്ലയിലെ ആദ്യ കേരള ഗ്രോ ബ്രാന്റഡ് ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേരള ഗ്രോ ബ്രാൻഡിന് കീഴിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിഷരഹിതമായ ധാന്യങ്ങൾ, ധാന്യവിള ഉത്പന്നങ്ങൾ, ചെറുധാന്യങ്ങൾ, തേൻ എന്നിവയും വിവിധ മൂല്യ വർധിത ഉത്പന്നങ്ങളും ഇവിടെ സംഭരിക്കുകയും വിൽപന നടത്തുകയും ചെയ്യും.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. രാഘവേന്ദ്ര പദ്ധതി വിശദീകരിച്ചു. ആത്മ ജില്ലാ പ്രോജക്ട് ഡയറക്ടർ എ. സുരേന്ദ്രൻ ആദ്യ വിൽപന നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.എൻ. ജ്യോതികുമാരി, നീലേശ്വരം കൃഷി അസി. ഡയറക്ടർ കെ.ബിന്ദു, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, സ്ഥിരം സമിതി ചെയർമാൻ എം. സുമേഷ്, അംഗങ്ങളായ എ.വി. സുജാത, ടി.എസ്. നജീബ്, നീലേശ്വരം അഗ്രോ സർവീസ് സെന്റർ പ്രസിഡന്റ് ടി.വി. തങ്കമണി, പി.വി. ഷീബ എന്നിവർ പ്രസംഗിച്ചു.