ആരോഗ്യ വകുപ്പിന്റെ ശൈലി സര്‍വേ; ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം ഒന്നാമത്
1466241
Sunday, November 3, 2024 7:27 AM IST
കാസര്‍ഗോഡ് : ജീവിതശൈലിരോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശൈലി സര്‍വേയില്‍ ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം ജില്ലയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ബെള്ളൂര്‍ കുടുബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുടെയും ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെയും മേല്‍നോട്ടത്തില്‍ കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിലെ ആശാ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് ശൈലി സര്‍വേ നൂറുശതമാനം പൂര്‍ത്തീകരിച്ച് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. സര്‍വേയുടെ ഭാഗമായി പഞ്ചായത്തിലെ 30 വയസിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകളെയും ശാസ്ത്രീയമായ ചോദ്യാവലി ഉപയോഗിച്ച് സ്ക്രീനിംഗിനു വിധേയമാക്കുകയും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനു മുമ്പ് തന്നെ രോഗസാധ്യതകള്‍ തിരിച്ചറിഞ്ഞ് ജീവതശൈലീമാറ്റം നിര്‍ദേശിക്കുകയും ചെയ്തു.
രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു. പ്രമേഹം, രക്താതിമര്‍ദ്ദം, വായിലെ കാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ എന്നീ രോഗങ്ങളാണ് സ്ക്രീനിംഗിനു വിധേയമാക്കിയത്.
2,517 വീടുകളാണ് ആശാപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്. 5,873പേരെ പരിശോധിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയവര്‍ക്ക് ചികിത്സ നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ആരോഗ്യ ബോധവത്കരണ ശീലവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി.
രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ മുഴുവന്‍ ആളുകളുടെയും ചികിത്സ ഉറപ്പാക്കുന്നതിനായി തുടര്‍ ഗൃഹസന്ദര്‍ശനങ്ങളും സര്‍വേയുടെ ഭാഗമായി സംഘടിപ്പിക്കും. ശൈലി സര്‍വേയില്‍ നൂറുശതമാനം നേട്ടം കൈവരിച്ച ബെള്ളൂരിലെ ആശ പ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം നല്കിയ ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി. ജ്യോതിമോളെയും പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസും അഭിനന്ദിച്ചു.