റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: ഹൊസ്ദുര്‍ഗ്, ദുര്‍ഗ ജേതാക്കള്‍
1466245
Sunday, November 3, 2024 7:27 AM IST
ചെമ്മനാട്: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ 1368 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. കാസര്‍ഗോഡ് (1340) രണ്ടും ചെറുവത്തൂര്‍ (1227) മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കുമ്പള (1154), ബേക്കല്‍ (1139), ചിറ്റാരിക്കാല്‍ (1034), മഞ്ചേശ്വരം (924) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
ശാസ്ത്രമേളയില്‍ കാസര്‍ഗോഡ് ഉപജില്ല ജേതാക്കളായപ്പോള്‍ ചെറുവത്തൂരും കുമ്പളയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഗണിതശാസ്ത്രമേളയില് ചെറുവത്തൂര്‍ ജേതാക്കളായി. കാസര്‍ഗോഡും ബേക്കലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രവൃത്തിപരിചയമേളയില്‍ ഹൊസ്ദുര്ഗിനാണ് ഒന്നാംസ്ഥാനം. കാസര്‍ഗോഡും കുമ്പളയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഐടി മേളയില്‍ കാസര്‍ഗോഡ് ജേതാക്കളായി. ബേക്കല്‍ രണ്ടും ചിറ്റാരിക്കാല്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്കൂളുകളില്‍ 394 പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്മാരായി. ആതിഥേയരായ ചെമ്മനാട് സിജെഎച്ച്എസ്എസ് (284) രണ്ടും ചായ്യോത്ത് ജിഎച്ച്എസ്എസ് (230) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് (219), പിലിക്കോട് ജിഎച്ച്എസ്എസ് (217), പെര്‍ഡാല എന്‍എച്ച്എസ് (208) എന്നിങ്ങനെയാണ് മറ്റു സ്കൂളുകളുടെ പോയിന്റ് നില.
ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍. സരിത എന്നിവര്‍ സമ്മാനദാനം നടത്തി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ. രഘുരാമഭട്ട്, വിഎച്ച്എസ്ഇ പയ്യന്നൂര്‍ മേഖലാ അസി. ഡയറക്ടര്‍ ഇ.ആര്. ഉദയകുമാര്‍, ഡിഇഒ വി. ദിനേശ, പി.എം. അബ്ദുല്ല, സി.എച്ച്. റഫീഖ്, മുഹമ്മദ് മുസ്തഫ, സക്കീന നജീബ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എ. സുകുമാരന്‍ നായര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ടി. ബെന്നി നന്ദിയും പറഞ്ഞു.
വിപണിയറിഞ്ഞ് കച്ചവടം ചെയ്ത് ‘മുള്ളേരിയിലെ കുട്ടികള്‍’
ചെമ്മനാട്: പുസ്തകതാളുകളിലെ ചോദ്യോത്തരങ്ങള്‍ കാണാപാഠം പഠിച്ചല്ല, കച്ചവടം പഠിക്കേണ്ടത് അതു ചെയ്തു തന്നെയാണെന്ന് തെളിയിച്ച് മുള്ളേരിയ ജിവിഎച്ച്എസ്എസിലെ കുട്ടികള്‍. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ 41 സ്കൂളുകള്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍ മേഖല വൊക്കേഷണല്‍ എക്സ്പോയില്‍ മോസ്റ്റ് മാര്‍ക്കറ്റബിള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയാണ് മുള്ളേരിയയിലെ കുട്ടികള്‍ മികവ് കാട്ടിയത്. രണ്ടുദിവസം കൊണ്ട് 10,800 രൂപയുടെ കച്ചവടമാണ് കുട്ടികള്‍ നടത്തിയതെന്നും 4200 ലാഭം നേടിയെന്നും അധ്യാപകനായ എ. രാജേഷ്കുമാര്‍ പറഞ്ഞു.
വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങളും ക്ലീനിംഗ് ഉത്പന്നങ്ങളുമാണ് കുട്ടികളുടെ കടയിലുണ്ടായിരുന്നത്. അരിയുണ്ട, സൊറോട്ട, കൊപ്ര ഉണ്ട, ഹൊളിഗെ, കടലപൊരി, കേക്ക് അപ്പം തുടങ്ങിയവായിരുന്നു പ്രധാന പലഹാരങ്ങള്‍. ഉപ്പിലിട്ടത്, മുളക് കൊണ്ടാട്ടം, പപ്പായ, വാഴക്കൂമ്പ്, ഞാലിപൂവന് പഴം, കാന്താരി മുളക് തുടങ്ങി ഒരു കൊച്ചു സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ റെഡിയായിരുന്നു. മുഴുവന്‍ ഉത്പന്നങ്ങള്‍ അവരുടെ വീട്ടില്‍ നിന്നും തയാറാക്കിക്കൊണ്ടുവന്നതായിരുന്നു.
കൂടാതെ കുട്ടികള്‍ തയാറാക്കുന്ന ഫിനോയില്‍, സോപ്പ്, സോപ്പ് പൊടി എന്നിവ വേറെയും. ഗവ. സ്കൂള്‍ മുള്ളേരിയ എന്നതിന്റെ ചുരുക്കെഴുത്തായ ജിഎം ക്വാളിറ്റി എന്ന ബ്രാന്‍ഡ് നെയിമില്‍ വര്‍ഷങ്ങളായി ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.
മോസ്റ്റ് പ്രോഫിറ്റബിള്‍ വിഭാഗത്തില്‍ പയ്യന്നൂര്‍ എകെഎസ് ജിവിഎച്ച്എസ്എസും മോസ്റ്റ് ഇന്നോവേറ്റീവ് വിഭാഗത്തില്‍ കാര്‍ത്തികപുരം ജിവിഎച്ച്എസ്എസും മോസ്റ്റ് കരിക്കുലം റിലേറ്റഡ് വിഭാഗത്തില്‍ കയ്യൂര്‍ ജിവിഎച്ച്എസ്എസും ഒന്നാംസ്ഥാനം നേടി.
വര്‍ക്കിംഗ് മോഡലില്‍ ആവര്‍ത്തനവിരസത
ചെമ്മനാട്: ശാസ്ത്രം അനുദിനം മുന്നേറുമ്പോഴും വര്‍ക്കിംഗ് മോഡല്‍ മത്സരവേദി കണ്ടാല്‍ പത്തോ ഇരുപതോ വര്‍ഷം പിന്നോട്ട് ടൈംട്രാവല്‍ ചെയ്തതുപോലെ തോന്നി എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. ഭാവിയിലെ ശാസ്ത്രപ്രതിഭകളുടെ മികവ് മാറ്റുരച്ചുനോക്കേണ്ടുന്ന ഈ മത്സരവേദി പക്ഷേ ആവര്‍ത്തനവിരസത കൊണ്ട് പഴങ്കഞ്ഞിയായി മാറുകയായിരുന്നു.
മഴവെള്ളസംരക്ഷണം, ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം എന്നിവയ്ക്ക് മുന്നറിയിപ്പ് നല്കുന്ന സംവിധാനം, അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നാല്‍ ഓട്ടോമാറ്റിക്കായി മുന്നറിയിപ്പ് നല്കുന്ന സംവിധാനം, സൗരയൂഥം തുടങ്ങി ശാസ്ത്രോത്സവം തുടങ്ങിയ കാലം മുതലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇത്തവണയും ആവര്‍ത്തിച്ചത്.
അതും എടുത്തുപറയത്തക്ക യാതൊരു പുതുമകളുമില്ലാതെ. യുട്യൂബ് പോലുള്ള പുതിയ സാങ്കേതികവിദ്യയുടെ സേവനവും കുട്ടികള്‍ ഉപയോഗപ്പെടുത്തിയില്ലെന്നതാണ് അത്ഭുതം. മുന്‍വര്‍ഷങ്ങളില്‍ സ്വന്തമായി വാഹനമുണ്ടാക്കിയും വിമാനമുണ്ടാക്കി പറത്തിയുമൊക്കെ കുട്ടിശാസ്ത്രജ്ഞര്‍ മേളയില്‍ ഓളമുണ്ടാക്കിയെങ്കില് ഇത്തവണ അതൊന്നും ഈ വിഭാഗത്തിലുണ്ടായിരുന്നില്ല.