കൃഷിഭൂമി വെളുപ്പിച്ച് കാട്ടുപന്നിക്കൂട്ടം
1466396
Monday, November 4, 2024 3:24 AM IST
രാജപുരം: മലയോരത്ത് കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. മലയോര പഞ്ചായത്തുകളില്‍ മിക്ക സ്ഥലങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം കൊട്ടോടി മഞ്ഞങ്ങാനത്തെ കെ. കുമാരന്റെ കൃഷിയിടത്തില്‍ മാത്രം 150 ചുവടിലേറെ കപ്പയാണ് കാട്ടുപന്നികൂട്ടം വന്ന് നശിപ്പിച്ചത്. കമുകിന് തൈകള്‍ക്ക് ഇടവിളയായി നട്ട കപ്പയാണ് നശിപ്പിച്ചത്.
കപ്പ ചുവടുകള്‍ ഒന്നൊഴിയാതെ പന്നികള്‍ നശിപ്പിച്ചു. കൃഷിസ്ഥലത്തിന്റെ തൊട്ടടുത്തുള്ള പ്ലാന്റേഷന് കശുമാവ് തോട്ടത്തില്‍ നിന്നാണ് പന്നികള്‍ എത്തുന്നത്. തൊട്ടടുത്ത പറമ്പിലെ രാജേഷിന്റെ കപ്പയും നശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്തെ പ്ലാന്റേഷന് തോട്ടത്തിന്റെ അതിര്‍ത്തിയിലാണ് കാട്ടുപന്നികള്‍ ഏറെയും കൃഷിനാശം വരുത്തുന്നത്.
പനത്തടി പഞ്ചായത്തിലെ ചെറുപനത്തടി വയലില്‍ നാലേക്കറില്‍ നടത്തിയ നെല്‍ക്കൃഷി പൂര്‍ണമായും കാട്ടുപന്നികള്‍ നശിപ്പിച്ചു. മഠത്തില്‍ വി.വി. കുമാരന്, ബാലകൃഷ്ണന്, ഗംഗാധരന്, ഗോപിനാഥന് നായര്‍ എന്നിവരുടെ നെല്‍ക്കൃഷിയാണ് പന്നികള്‍ നശിപ്പിച്ചത്.
മറ്റു പഞ്ചായത്തുകളിലും സമാനമായി നിരവധി കര്‍ഷകരുടെ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നുണ്ട്.
മുന്‍കൂട്ടി അനുമതി വാങ്ങാതെ വെടിവയ്ക്കാന്‍ അനുവാദം ഇല്ലാത്തതിനാല്‍ പന്നികളെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കൃഷികള്‍ നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ഇതിനോടകം നിരവധി കര്‍ഷകരുടെ പരാതി പഞ്ചായത്തില്‍ ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതരുടെയും നിലവില്‍ തോക്ക് ലൈസന്‍സ് ഉള്ളവരുടെയും കര്‍ഷകരുടെയും യോഗം എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കുമെന്നും വനം വകുപ്പില്‍ നിന്നും പന്നിയെ വെടിവെക്കാനുള്ള സമ്മതപത്രം ലഭിച്ചവര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടാല്‍ പന്നിയെ വെടിവെക്കാനുള്ള അനുമതി നല്‍കുമെന്നും കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് പറഞ്ഞു.