ചെറുപുഴ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ചെറുപുഴ പഞ്ചായത്തിലെ കുണ്ടേരിയിലെ ഇടശേരിയിൽ ദേവകിയുടെ വീടിനു മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. വീട്ടിലുണ്ടായിരുന്ന ദേവകിയുടെ മകൻ അശോകന് പരിക്കേറ്റു.
അശോകൻ ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാത്രി 11നാണ് തെങ്ങ് ഒടിഞ്ഞു വീടിനു മുകളിൽ വീണത്. ഇടവരമ്പിലെ ചാമോലിൽ വിനോദിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും മഴയിൽ തകർന്നു. പുളിയിട്ട വയൽ തോടിനോടു ചേർന്ന് നിൽക്കുന്ന ഭാഗത്ത് കെട്ടിയ സംരക്ഷണഭിത്തിയാണു തകർന്നത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്തംഗം രജിത സജി, റോഷി ജോസ്, എ.ടി.വി. ദാമോദരൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.