ചപ്പാരപ്പടവ്: എരുവാട്ടിയിൽ കമുകിന് മഞ്ഞളിപ്പ് രോഗം ബാധിച്ച പ്രദേശങ്ങൾ കൃഷി മന്ത്രിയുടെ നിർദേശത്തെ തുടർന്ന് വകുപ്പുദ്യോഗസ്ഥർ സന്ദർശിച്ചു. മലയോര മേഖലയിൽ മഞ്ഞളിപ്പ് രോഗം പടരുന്നത് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
കർഷക കോൺഗ്രസ്- എസ് സംസ്ഥാന ട്രഷറർ രാജേഷ് മാത്യു പുതുപ്പറമ്പിൽ ദീപിക റിപ്പോർട്ട് സഹിതം മേഖലയിലെ കമുക് കർഷകർ നേരിടുന്ന പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മന്ത്രി കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ നിർദേശിച്ചത്. കാർഷിക വികസന കേന്ദ്രം മേധാവി ജയരാജ്, പിലിക്കോട് കാർഷിക യൂണിവേഴ്സിറ്റി പ്രഫ. രതീഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സതീഷ് കുമാർ, കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രഫ. മഞ്ജു, കൃഷി ഓഫിസർ പി. നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. രാജേഷ് മാത്യു പുതുപ്പറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ജോൺ, റെജി തെക്കൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.