പ്രകൃതിവിരുദ്ധ പീഡനം: നാല്പത്തിയേഴുകാരന് 70 വര്‍ഷം കഠിനതടവ്
1478957
Thursday, November 14, 2024 5:32 AM IST
പെരിന്തല്‍മണ്ണ: പതിനാലുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ 47കാരന് 70 വര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷിച്ചു. ചെമ്പ്രശേരി മച്ചിങ്ങപ്പറമ്പ് നെല്ലിശേരി തുറക്കല്‍ ടി. മുരളീധരനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും മൂന്ന് മാസവും അധികകഠിന തടവനുഭവിക്കണം. കൊറോണ കാലത്ത് 14 കാരനെ വീടിനടുത്തുള്ള മോട്ടോര്‍പുരയില്‍ കൊണ്ടുപോയി കൈകള്‍ കൂട്ടിക്കെട്ടി വായില്‍ തുണിതിരുകി നഗ്ന ഫോട്ടോയെടുക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
2023 ജനുവരിവരെ പല പ്രാവശ്യം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന് കേസ്. പാണ്ടിക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി.
പിഴസംഖ്യയില്‍ ഒരു ലക്ഷം രൂപ അതിജീവിതന് നല്‍കാനും വിക്ടിം കോമ്പന്‍സേഷന്‍ പ്രകാരം മതിയായ നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദേശം നല്കി. പാണ്ടിക്കാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ. റഫീഖ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.