റെയിൽവേ, നഗരസഭാ ഉദ്യോഗസ്ഥരെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചുവരുത്തും
1478662
Wednesday, November 13, 2024 4:52 AM IST
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമുകളും തെരുവുനായ്ക്കൾ കൈയടക്കിയെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റേഷൻ മാനേജർ, ആർപിഎഫ് സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി എന്നിവർ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
നവംബർ 15 ന് രാവിലെ 11 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കൾ സ്ഥിരം കാഴ്ചയാണെന്ന് ഉത്തരവിൽ പറയുന്നു.
രാജ്യത്തെ മാതൃക റെയിൽവേ സ്റ്റേഷനാകാൻ തയാറാടെക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ തെരുവുനായ്ക്കളുടെ സ്വതന്ത്രവിഹാരകേന്ദ്രമാകുന്നത് പരിതാപകരമാണെന്ന് ഉത്തരവിൽ പറഞ്ഞു. തെരുവുനായ ശല്യത്തിനെതിരേ മുമ്പും കമ്മീഷൻ ഉത്തരവ് പാസാക്കിയിട്ടുള്ളതാണ്.
എന്നാൽ, ദുരിതം അവസാനിപ്പിക്കാൻ ഫലപ്രദമായ യാതൊരു നടപടികളും റെയിൽവേയോ നഗരസഭയോ സ്വീകരിച്ചില്ല. പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിയെടുക്കുന്നതിന് പകരം നഗരസഭയും റെയിൽവേയും പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്ലാറ്റ്ഫോമിലും സ്റ്റേഷൻ പരിസരത്തും പൊതുജനങ്ങൾക്ക് ഭീഷണിയാവുന്ന തരത്തിലുള്ള തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കമ്മീഷൻ തീരുമാനിച്ചത്.
വിദേശവനിതക്ക് പ്ലാറ്റ്ഫോമിൽ നിന്നും കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റിരുന്നു.