റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ ഓഫീസ് ഒന്നാം പ്ലാറ്റ് ഫോമില്‍നിന്ന് നാലിലേക്ക് മാറ്റി
1478675
Wednesday, November 13, 2024 4:52 AM IST
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ ഓഫീസ് ഒന്നാം പ്ലാറ്റ് ഫോമില്‍നിന്ന് നാലിലേക്ക് മാറ്റി. സ്റ്റേഷന് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണിത്. നാലാം പ്ലാറ്റ്ഫോമില്‍ പാഴ്സല്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് താല്‍ക്കാലികമായി റിസര്‍വേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്‍ഫര്‍മേഷന്‍ സെന്ററും ഒരാഴ്ചയ്ക്കകം നാലാം പ്ലാറ്റ്ഫോമിലേക്ക് മാറ്റും. സാധാരണ ടിക്കറ്റ് വിതരണം ചെയ്യുന്ന കൗണ്ടര്‍ ഒന്നില്‍ തന്നെ തുടരുമെങ്കിലും നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നതിനനുസരിച്ച് വൈകാതെ മറ്റൊരിടത്തേക്ക് മാറ്റും. ഒന്ന്, നാല് പ്ലാറ്റ്ഫോമുകളില്‍ അഞ്ചുനില കെട്ടിടമാണുയരുക.
ആദ്യഘട്ടത്തില്‍ ഒന്നാം പ്ലാറ്റ്ഫോമിലാണ് നവീകരണം. ആര്‍ആര്‍ഐ കാബിന്, റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട്, റെസ്റ്റ് ഹൗസ്, റണ്ണിംഗ്റൂം, ഗവ. റെയില്‍വേ പോലീസ് സ്റ്റേഷന് എന്നീ കെട്ടിടങ്ങള്‍ നിലനിര്‍ത്തി ശേഷിക്കുന്നവയെല്ലാം പൊളിക്കും. നാലാം പ്ലാറ്റ്ഫോമിന് പുറത്തുള്ള ഭാഗങ്ങളിലാണ് നിലവില്‍ നവീകരണം നടക്കുന്നത്.
മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്ലാസകള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍, ഹെല്‍ത്ത് യൂണിറ്റ് എന്നിവയുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. റെയില്‍വേ ഓഫീസുകള്‍ക്കായി നാലാം പ്ലാറ്റ്ഫോമിനുപുറത്ത് 1,222 ചതുരശ്ര മീറ്ററില്‍ മൂന്നുനില കെട്ടിടമുയരും. ഒന്നിലും നാലിലും നിലവിലുള്ള പ്ലാറ്റ്ഫോമുകള്ക്കുപകരം രണ്ടര ഇരട്ടി കൂടുതല്‍ വീതിയിലാണ് പുതിയ പ്ലാറ്റ്ഫോമുകള്. എന്നാല്‍ നീളം കുറയും.