മയക്കുമരുന്നുകേസുകളിലെ പ്രതിയെ കാപ്പചുമത്തി നാടുകടത്തി
1478666
Wednesday, November 13, 2024 4:52 AM IST
കോഴിക്കോട് : നഗരത്തിലെ പലഭാഗങ്ങളിലും പ്രത്യേകിച്ച് ബീച്ച് ഭാഗങ്ങളില്‍ മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്പന നടത്തി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും മയക്കുമരുന്നിന് അടിമപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടയാളെ പോലീസ് കാപ്പ ചുമത്തി നാടു കടത്തി.കോഴിക്കോട് വെള്ളയില്‍ നാലുകുടിപറമ്പ് വീട്ടില്‍ ഹാഷിം (44)നെയാണ് നാടുകടത്തിയത്.
പ്രതിക്ക് 2019- ല്‍ ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയതിന് എന്‍ഡിപിഎസ് ആക്ട് പ്രകാരം വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും മയക്കമരുന്ന് വില്പനയില് ഏര്‍പ്പെട്ടു.ഈ വര്‍ഷം വില്പനക്കായി സുക്ഷിച്ച 529 ഗ്രാം കഞ്ചാവും 1.940 ഗ്രാം മെത്താഫൈറ്റാമിനും സഹിതം വെള്ളയില്‍ പോലീസ് വീട്ടില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇത് കൂടാതെ കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട് ലിങ്ക് റോഡില്‍വച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടെ ടൗണ്‍ പോലീസ് 530 ഗ്രാം കഞ്ചാവ് സഹിതം വീണ്ടും പിടികുടി.
തുടര്‍ച്ചയായി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടുവരുന്ന പ്രതിക്കെതിരെ വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ നിന്നു നല്ല നടപ്പിനുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ട് തയാറാക്കി കോഴിക്കോട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സബ് ഡിവിഷണല്‍ കോടതിയില്‍ പ്രതി ഒപ്പിട്ട് ഒരു വര്‍ഷക്കാലത്തെക്കുള്ള നല്ല നടപ്പ് ജാമ്യത്തില്കഴിയവെ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു.തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ കോടതി 50,000 രൂപ പിഴ ശിക്ഷയും വിധിച്ചു. അറിയപ്പെടുന്ന ഗുണ്ടയായ ഇയാള്‍ക്കെതിരേ വെള്ളയില്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി ഒരു വര്‍ഷത്തേക്ക് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.