ഫറോഖിൽ വനിതാ കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമം: യുഡിഎഫ് നിയമനടപടിക്ക്
1478665
Wednesday, November 13, 2024 4:52 AM IST
കോഴിക്കോട്: ആര്‍ജെഡിയില്‍നിന്നു രാജിവച്ച് മുസ്ലിം ലീഗിലേക്കു പോയ ഫറോഖ് നഗരസഭയിലെ വനിതാ കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ യുഡിഎഫ്. തിങ്കളാഴ്ച നടന്ന അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഇന്നലെ യുഡിഎഫ് യോഗം ചേര്‍ന്നു സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. പോലീസില്‍ പരാതി നല്കുന്നതിനു പുറമെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് എന്നിവര്‍ക്കു പരാതി നല്‍കുമെന്ന് അതിക്രമത്തിനിരയായ കൗണ്‍സിലര്‍ ഷനൂബിയയും, മുസ്ലീം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എം. ഹനീഫയും അറിയിച്ചു. 14-ാം ഡിവിഷന് കുന്നത്തുമോട്ടയിലെ കൗണ്‍സിലറാണ് ഷനൂബിയ.
തിങ്കളാഴ്ച നടന്ന ഫറോഖ് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇവര്‍ക്കെതിരേ ആക്രമണമുണ്ടായത്. കഴിഞ്ഞമാസം 25ന് ഷനൂബിയ ആര്‍ജെഡി വിട്ട് ലീഗില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡിയുടെ ഏക കൗണ്‍സിലറായിരുന്നു ഷനൂബിയ. ഷനൂബിയ ആര്‍ജെഡി വിട്ടതിനു ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗത്തിലാണ് ഇടതുപക്ഷത്തെ വനിതാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സംഘടിതമായ അതിക്രമമുണ്ടായത്.
ഷനൂബിയ കൗണ്‍സില്‍ ഹാളിലേക്കു പ്രവേശിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചെത്തിയ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെരുപ്പുമാല അണിയിക്കാന്‍ ഇടതു വനിതാ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫിലെ വനിതാ കൗണ്‍സിലര്‍മാര്‍ ചെറുത്തു. ഇതോടെ കൗണ്‍സില്‍ ഹാളില്‍ കയ്യാങ്കളിയായി.
ചെരുപ്പുമാല അണിയിക്കാനുള്ള ശ്രമം മറ്റു ചില കൗണ്‍സിലര്‍മാര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ പകവീട്ടലാണ് നടന്നതെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് ആക്രമിച്ചതെന്നും ഷനൂബിയ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ മുമ്പ് അര്‍ധരാത്രി ഷനൂബിയയുടെ വീടിന് നേര അക്രമണം നടന്നിരുന്നു. അജ്ഞാതര്‍ കരിങ്കല്‍ ചീളുകള്‍ എറിഞ്ഞ് വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തിരുന്നു.
തൊട്ടുമുമ്പുള്ള ഭരണസമിതിയിലെയും ഈ ഭരണസമിതിയിലെയും ചില യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സിപിഎമ്മിന്റെ ഇടപെടലുകളെ തുടര്‍ന്ന് ഇടതുപക്ഷത്തേക്കു മാറിയിരുന്നു. അന്ന് യുഡിഎഫ് ജനാധിപത്യപരമായ പ്രതിഷേധമാണ് സംഘടിപ്പിച്ചതെന്നും വീടിനു കല്ലെറിയാനോ കായികമായി കൈകാര്യം ചെയ്യാനോ ശ്രമിച്ചിട്ടില്ലെന്നു ലീഗ് നേതാവ് അഡ്വ. കെ.എം. ഹനീഫ പറഞ്ഞു.
എന്നാല്‍, ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് സംഘടിപ്പിച്ചതെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്.
തൊട്ടുമുമ്പത്തെ ഭരണസമിതിയിലെ ലീഗ് കൗണ്‍സിലര്‍ അടക്കം മൂന്നുപേര്‍ യുഡിഎഫ് വിട്ടു സിപിഎമ്മില്‍ ചേക്കേറിയതുകാരണം നഗരസഭാ ഭരണം യുഡിഎഫിനു നഷ്ടമായിരുന്നു. ആറുമാസം മുമ്പ് കോണ്‍ഗ്രസ് നേതാവും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി. നിഷാദും പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്കു പോയിരുന്നു. രാഷ്ട്രീയമായ ഇത്തരം നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ആര്‍ജെഡി അംഗത്തെ ലീഗ് പാര്‍ട്ടിയിലെത്തിച്ചത്. 38 അംഗ ഫറോഖ് നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫ് -20, എല്‍ഡിഎഫ്-17, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില.