എന്നിലെ രാഷ്ട്രീയക്കാരനെ മാറ്റിയെടുത്തത് വയനാട്ടിലെ അഞ്ച് വർഷക്കാലം: രാഹുൽ ഗാന്ധി
1478383
Tuesday, November 12, 2024 5:41 AM IST
തിരുവമ്പാടി : എന്നിലെ രാഷ്ട്രീയക്കാരനെ മാറ്റിയെടുത്തത് വയനാട്ടിൽ എംപിയായിരുന്ന കാലമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഞാനിവിടെ വന്നപ്പോൾ ജനങ്ങളുമായി വളരെ വ്യത്യസ്തമായ ബന്ധമാണ് അനുഭവപ്പെട്ടത്. 2004 ലാണ് ഞാൻ രാഷ്ട്രീയം തുടങ്ങിയത്. 2019ൽ ഞാൻ വയനാടിന്റെ എംപിയായി. അതിനിടയിലുള്ള 15 വർഷം എന്റെ രാഷ്ട്രീയത്തിൽ ഞാൻ സ്നേഹം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലായിരുന്നു.
ഞാൻ വയനാട്ടിലേക്ക് വന്നപ്പോൾ സ്നേഹം എന്ന വാക്ക് എന്റെ പദസമ്പത്തിലേക്ക് വന്നു. സ്നേഹത്തെയും സൗഹാർദത്തെയും രാഷ്ട്രീയ ആയുധമാക്കുക എന്നതായിരുന്നു ഭാരത ജോഡോ യാത്രയുടെ പ്രധാന ഉദ്ദേശ്യം. വയനാടിന്റെ പ്രശ്നങ്ങൾ ഏറ്റവും നന്നായി മനസിലാക്കാനും പരിഹരിക്കാനും പ്രിയങ്കയ്ക്ക് കഴിയുമെന്നും രാഹുല്‍ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.