ഇന്റര്‍ലോക്കിട്ട ഭാഗത്തും ലോറി പാര്‍ക്കിംഗ്; ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് തിരിച്ചടി
1478663
Wednesday, November 13, 2024 4:52 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ബീച്ചില്‍ ഇന്റര്‍ലോക്കിട്ട് മനോഹരമാക്കിയ ഭാഗത്ത് ലോറികളുടെ താവളമായി മാറുന്നു. ലോറികള്‍ ഇവിടെ നിര്‍ത്തിയിടുന്നതു കാരണം സൗന്ദര്യവല്‍ക്കരണത്തിനു വലിയ ഭീഷണിയാണ് ഉയരുന്നത്. സൗത്ത് ബീച്ചിലും വലിയങ്ങാടിയുടെ കവാടത്തിലുമെല്ലാം റോഡരികില്‍ ടൈല്‍ വിരിച്ച സ്ഥലത്താണ് ലോറികളുടെ പാര്‍ക്കിംഗ്. ലക്ഷങ്ങള്‍ മുടക്കി ടൈല്‍ വിരിച്ച് മനോഹരമാക്കിയ ഇടങ്ങളില്‍ പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പു തന്നെ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് ടൈലുകള്‍ക്ക് കേടുപാടുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മഴയില്‍ പൊളിഞ്ഞ് നടക്കാനാവാത്ത വിധം പാതയോരം തകര്‍ന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പാണ് കഴിഞ്ഞ ദിവസം ഈ ഭാഗത്ത് നന്നാക്കിയെടുക്കുനുള്ള നടപടി ആരംഭിച്ചത്. 6000 ചതുരശ്ര അടിയിലേറെ ഇതിനകം ടൈല്‍ വിരിച്ചു കഴിഞ്ഞു. കണ്ണംപറമ്പ് ഭാഗത്തും ടൈല്‍ വിരിക്കല്‍ ഏതാണ്ട്
പൂര്‍ത്തിയായി. എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള ജോലിയാണ് ഇനി നടത്താനുള്ളത്. ഇതിനായി കണ്ണംപറമ്പിലുള്ള അനധികൃത കച്ചവടക്കാരെയും മറ്റും 14-നകം ഒഴിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. അതിനിടെയാണ് ലോറികളുടെ കടന്നു കയറ്റം.
റോഡ് സൈഡില്‍ തന്നെ ലോറികള്‍ നിര്‍ത്തുന്നതുകൊണ്ട് അപകടങ്ങള്‍ കൂടുന്നതായും നാട്ടുകാര്‍ പറയുന്നു. ലോറികള്‍ നിയന്ത്രണമൊന്നും കൂടാതെ പാര്‍ക്ക് ചെയ്യുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാലിന്യം കുമിഞ്ഞുകുടുന്നതും ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് സൈഡില്‍ തന്നെ ലോറികള്‍ നിര്‍ത്തുന്നതുകൊണ്ട് പല അപകടങ്ങളും സംഭവിക്കാറുണ്ട്.
റോഡരികില്‍ വലിയ ലോറികള്‍ നിര്‍ത്തിയിടരുതെന്ന് പോലീസ് നിര്‍ദേശം വന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല. മീഞ്ചന്ത, തടമ്പാട്ടുതാഴം, കോയ റോഡ് എന്നിവിടങ്ങളിലെല്ലാം ലോറി പാര്‍ക്കിംഗ് ഒരുക്കാന്‍ കോര്പറേഷന് ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിട്ടില്ല. പിന്നീട് തോപ്പയില്‍ ബീച്ചിന് സമീപം പാര്‍ക്കിഗിനു സൗകര്യമൊരുക്കാന്‍ തീരുമാനിച്ചിരുന്നു. 1.9 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പ്രാദേശികമായി എതിര്‍പ്പിനെത്തുടര്‍ന്ന് അതും നിലച്ചു. വൈകാതെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും എപ്പോഴെന്നതില്‍ അവ്യക്തത തുടരുന്നു.
ലോറി പാര്‍ക്കിംഗിനായി വെസ്റ്റ്ഹില്‍, ഗാന്ധിറോഡ് ഭാഗത്ത് തുറമുഖവകുപ്പുമായി ചേര്‍ന്ന് സൗകര്യമൊരുക്കാന്‍ കോര്പറേഷന് പദ്ധതിയിട്ടെങ്കിലും മുന്നോട്ട് പോയില്ല. കോഴിക്കോട് കോര്‍പറേഷനും കേരള മാരിടൈം ബോര്‍ഡുമാണ് പാര്‍ക്കിങ് സജ്ജീകരണം ഒരുക്കേണ്ടത്. പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റും പ്ലാനും തയാറാക്കുന്നതിന് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, ലോറികള്‍ നിര്‍ത്താന്‍ മതിയായ സ്ഥലം നിര്‍ണയിക്കാത്തതിനാല്‍ പദ്ധതി ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികള്‍ ചരക്കിറക്കിയശേഷം അടുത്ത ലോഡിനുവേണ്ടി നിര്‍ത്തിയിടുന്നത് സൗത്ത് ബീച്ചലാണ്. ഈ ലോറികള്‍ക്ക് സൗകര്യമൊരുക്കാന്‍ സാധിക്കാത്തതാണ് പ്രശ്നം സൃഷ്ടിച്ചിട്ടുള്ളത്.