ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം 19ന്
Monday, January 13, 2025 12:58 AM IST
മുംബൈ: ലോക ക്രിക്കറ്റിൽ ഐസിസിക്കും മുകളിലാണ് ബിസിസിഐ എന്ന് അടിവരയിടുന്ന അവസാന സീനാണ് ഇന്നലെ കഴിഞ്ഞത്.
പണത്തിനു മുകളിൽ ഐസിസിയും പറക്കില്ലെന്നു പറയാം. 2025 ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി ആയിരുന്നു ജനുവരി 12, അതായത് ഇന്നലെ. ചാന്പ്യൻസ് ട്രോഫിക്കുള്ള എല്ലാ ടീമുകളും അവരുടെ 15 അംഗ സംഘത്തെ ജനുവരി 12നു പ്രഖ്യാപിക്കുകയും 13ന് ഐസിസി ഔദ്യോഗികമായി കളിക്കാരുടെ പട്ടിക പുറത്തുവിടുകയും ചെയ്യുമെന്നായിരുന്നു തീരുമാനം.
ടീം പ്രഖ്യാപനത്തിന്റെ ഡെഡ്ലൈൻ ഇന്നലെ അവസാനിച്ചപ്പോൾ ബിസിസിഐ അറിയിച്ചത് മറ്റൊരു കാര്യം, ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ 19നു പ്രഖ്യാപിക്കും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് വൈകാൻ കാരണം
ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം അനന്തം അജ്ഞാതമായി നീളുകയാണെന്നതാണ് ഇതിന്റെയെല്ലാം ചുരുക്കം. ബിസിസിഐ സെലക്ടർമാർക്കും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനും ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ പ്രഖ്യാപിക്കാൻ സാധിക്കുന്നില്ല. ഇതിന്റെ ഒരു പ്രധാന കാരണം 2024ൽ ഇന്ത്യ ആകെ നാല് ഏകദിനം മാത്രമാണ് കളിച്ചത്. അതായത് സമീപ നാളിലെ ഫോമിന്റെ അടിസ്ഥാനത്തിൽ ടീമിനെ തെരഞ്ഞെടുക്കാൻ സാധിക്കില്ല.
സെലക്ടർമാർ അനുഭവിക്കുന്ന മറ്റൊരു വിഷയം രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ മുൻനിര താരങ്ങളെ ഉൾപ്പെടുത്തണോ മാറ്റിനിർത്തണോ എന്നതാണ്. രോഹിത്തിനെ ക്യാപ്റ്റനായി നിലനിർത്തണോ ...? ജസ്പ്രീത് ബുംറയെ തൽസ്ഥാനത്തേക്കു കൊണ്ടുവരണോ ...? കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരിലേക്ക് ക്യാപ്റ്റൻസി ചുമതല നീട്ടണോ തുടങ്ങിയ മറുചോദ്യങ്ങൾ വേറെയും. ഇതിനെല്ലാം പുറമേയാണ് ജസ്പ്രീത് ബുംറയുടെ പരിക്ക്.
ഐസിസിയെ കുരുക്കിയ ബിസിസിഐ
ചാന്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാൻ ഐസിസി പ്രഖ്യാപിച്ച അവസാന തീയതി ജനുവരി 12 ആണെങ്കിലും ടൂർണമെന്റിന് ഒരു മാസം മുന്പ് ടീം പ്രഖ്യാപനം നടത്തിയാൽ മതിയെന്ന പോയിന്റിലാണ് ബിസിസിഐ പിടിച്ചത്. അതോടെ ഐസിസിയുടെ മുൻനിർദേശം വൃഥാവിലായി. കാരണം, ഫെബ്രുവരി 19 മുതലാണ് 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടം അരങ്ങേറുന്നത്.
പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാന്പ്യൻസ് ട്രോഫിക്കായി ടീമിനെ അങ്ങോട്ടേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. അതോടെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താൻ ഐസിസിക്കു തീരുമാനിക്കേണ്ടിവന്നു. ഇതിന്റെ പിന്നാലെയാണ് ടീം പ്രഖ്യാപനത്തിന്റെ ഡെഡ്ലൈനും ബിസിസിഐ തങ്ങളുടെ വഴിക്കു തിരിച്ചെടുത്തത്.
രോഹിത്, കോഹ്ലി ഉണ്ടാകും; ബുംറയുടെ കാര്യത്തിൽ ആശങ്ക
ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമതന്നെ നയിക്കുമെന്നും വിരാട് കോഹ്ലി ടീമിൽ ഉണ്ടാകുമെന്നുമാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന. എന്നാൽ, പേസർ ജസ്പ്രീത് ബുംറയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പരിക്കിനുശേഷം പുറത്ത് നീരുമുണ്ടെന്നതാണ് ബുംറയുടെ നിലവിലെ പ്രശ്നം.
താരത്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച് നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇന്ത്യയുടെ ചാന്പ്യൻസ് ട്രോഫി 15 അംഗ സംഘത്തിന്റെ കാര്യത്തിൽ സെലക്ടർമാർക്ക് അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ.
ബുംറ 15 അംഗ ടീമിൽ ഉൾപ്പെട്ടാൽത്തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങളിൽ ബുംറ കളിച്ചേക്കില്ല. പാക്കിസ്ഥാൻ, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിൽ. ഫെബ്രുവരി 20നു ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.