ബാഴ്സ ഫൈനലിൽ
Friday, January 10, 2025 12:22 AM IST
ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോളിൽ ബാഴ്സലോണ തുടർച്ചയായ മൂന്നാം തവണയും ഫൈനലിൽ.
കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് അത്ലറ്റിക് ബിൽബാവോയെ ബാഴ്സലോണ കീഴടക്കി. യുവതാരങ്ങളായ ഗാവിയുടെയും ലാമിയൻ യമാലിന്റെയും ഗോളുകളായിരുന്നു ബാഴ്സയ്ക്കു ജയം സമ്മാനിച്ചത്.
17-ാം മിനിറ്റിൽ ബിൽബാവോയുടെ ഗോൾവല കുലുക്കി ഗാവി കളിയുടെ ഗതി നിർണയിച്ചു. രണ്ടാം പാദം തുടങ്ങി ഏഴാം മിനിറ്റിൽ യമാൽ രണ്ടാംഗോളും നേടിയതോടെ ബിൽബാവോ നിശബ്ദരായി.
14 പ്രാവശ്യം കിരീടം നേടിയിട്ടുള്ള ബാഴ്സലോണയാണ് സൂപ്പർ കപ്പിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ചുംബിച്ചത്. സ്പാനിഷ്, യൂറോപ്യൻ ചാന്പ്യന്മാമാരായ റയൽ മാഡ്രിഡ്- മയ്യോർക സെമിയിലെ ജേതാക്കളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ.
ഓസ്കാർ ഡി മാർക്കോസും ഇനാകി വില്ല്യംസും ബിൽബാവോയ്ക്കുവേണ്ടി വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി.