ആഗോള ഓഹരി വിപണികൾ കൈപ്പിടിയിലാക്കി വിൽപ്പനക്കാർ
Monday, January 13, 2025 12:58 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ആഗോള ഓഹരി വിപണികൾ വാരാന്ത്യം വിൽപ്പനക്കാരുടെ നിയന്ത്രണത്തിലേക്കു തിരിഞ്ഞു. യുഎസ്-യൂറോപ്യൻ വിപണികൾ തളർച്ചയിലാണ്, ഏഷ്യയിലെ മുൻനിര ഇൻഡെക്സുകൾക്കും തിരിച്ചടിനേരിട്ടു. രണ്ടാഴ്ച്ചകളിലെ മുന്നേറ്റത്തിനുശേഷം കഴിഞ്ഞവാരം ഇന്ത്യൻ മാർക്കറ്റിനും തളർച്ച സംഭവിച്ചു. സെൻസെക്സ് 1844 പോയിന്റും നിഫ്റ്റി സൂചിക 573 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ആഗോള സാമ്പത്തിക വളർച്ച ഈ വർഷം സ്ഥിരമാണെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ അൽപ്പം ദുർബലമാകുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുടെ വിലയിരുത്തൽ വരും ദിനങ്ങളിൽ നമ്മുടെ വിപണികളിൽ വൻ സ്വാധീനം ചെലുത്താനിടയുണ്ട്. അതേസമയം, ആഗോളതലത്തിൽ അമേരിക്കൻ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം രൂക്ഷമാകാമെന്നും ഐഎംഎഫ് മേധാവി.
ആഗോളതലത്തിൽ വിലയിരുത്തിയാൽ ബ്രസീൽ ഉയർന്ന പണപ്പെരുപ്പത്തെയാണ് അഭിമുഖീകരിക്കുന്നത്. ഏഷ്യയിലേയ്ക്കു തിരിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയും കനത്ത പണപ്പെരുപ്പ സമ്മർദത്തിലാണെന്ന് ഐഎംഎഫ്. ആഭ്യന്തര ആവശ്യകതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയാണ് ബീജിംഗ് മുഖ്യമായും അഭിമുഖീകരിക്കുന്നത്.
പല രാജ്യങ്ങളും ഹ്രസ്വകാല പലിശ നിരക്കുകളിൽ കുറവു വരുത്തിയെങ്കിലും, ദീർഘകാല പലിശ നിരക്കുകൾ ഉയർന്ന തലത്തിൽ നീങ്ങുന്നത് ആഗോളതലത്തിലെ അനിശ്ചിതത്വം വിട്ടുമാറാൻ കാലതാമസം സൃഷ്ടിക്കാം.
ബിഎസ് ലാർജ് ക്യാപ് സൂചിക 3.2 ശതമാനവും മിഡ് ക്യാപ് സൂചിക 5.7 ശതമാനവും സ്മോൾ ക്യാപ് സൂചിക ആറ് ശതമാനവും ഇടിഞ്ഞു. ബിഎസ് ഐടി ഒഴികെ മറ്റെല്ലാ സൂചികകളും പ്രതിവാര നഷ്ടത്തിലാണ്. ബിഎസ് പവർ സൂചിക ഒമ്പത് ശതമാനം ഇടിഞ്ഞു, റിയാലിറ്റി സൂചിക ഏഴ് ശതമാനവും ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ സൂചികകൾ അഞ്ച് ശതമാനവും താഴ്ന്നു.
വിദേശ ഓപ്പറേറ്റർമാർ മുൻനിര രണ്ടാംനിര ഓഹരികളിൽ വിൽപ്പനയ്ക്കുതന്നെയാണ് പിന്നിട്ടവാരത്തിലും മുൻതൂക്കം നൽകിയത്. ഇടപാടുകൾ നടന്ന അഞ്ചു ദിവസവും വിൽപ്പനക്കാരായി നിലകൊണ്ട അവർ മൊത്തം 16,854.25 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപ താത്പര്യം തുടരുകയാണ്, അവർ 21,682.76 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഇതോടെ നാലാഴ്ച കാലയളവിൽ ആഭ്യന്തര ഫണ്ടുകൾ നിക്ഷേപിച്ചത് മൊത്തം 57,266.19 കോടി രൂപയാണ്.
യുഎസ് ഡോളറിനു മുന്നിൽ രൂപയ്ക്ക് റിക്കാർഡ് മൂല്യത്തകർച്ച. രൂപ 85.78ൽനിന്നും 85.98ലേക്ക് ദുർബലമായി. യുഎസ് തൊഴിൽ മേഖലയിൽനിന്നുള്ള കണക്കുകൾ വെള്ളിയാഴ്ച്ച പുറത്തുവന്നതോടെ ഡോളർ സൂചിക കാഴ്ചവച്ച മികവ് ഗ്ലോബൽ മാർക്കറ്റിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് 86.17ലേക്ക്. നിലവിലെ സാഹചര്യത്തിൽ രൂപ ഒരു തിരിച്ചുവരവിനു ശ്രമം നടത്തിയാൽ 84.87-85.50ലേക്ക് കരുത്ത് നേടേണ്ടതായുണ്ട്. ദുർബലാവസ്ഥ തുടരുന്നതിനാൽ താത്കാലികമായി 86.50ലേക്കു തളരാം.
നിഫ്റ്റി മുൻവാരത്തിലെ 24,004 പോയിന്റിൽനിന്നും 23,352ലേക്കു താഴ്ന്ന ശേഷം വാരാന്ത്യം 23,431 പോയിന്റിലാണ്. ഈവാരം നിഫ്റ്റിയുടെ ആദ്യ പ്രതിരോധം 23,888 പോയിന്റിലാണ്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഇത് മറികടക്കാൻ വിപണി അൽപ്പം ക്ലേശിക്കേണ്ടിവരും. എങ്കിലും പ്രതിരോധം തകർത്താൽ സൂചിക 24,345 വരെ ഉയരാം.
പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ നിഫ്റ്റിക്ക് സപ്പോർട്ട് 23,163-22,895 പോയിന്റിൽ പ്രതീക്ഷിക്കാം. സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്. എംഎസിഡിയും ദുർബലാവസ്ഥയിലേയ്ക്കു മുഖംതിരിച്ചത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാം.
നിഫ്റ്റി ജനുവരി ഫ്യൂച്ചർ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 23,501ലാണ്. വർഷാരംഭത്തിൽ 24,000ൽ നിലകൊണ്ട ജനുവരി ഫ്യൂച്ചറിൽ ഓപ്പൺ ഇൻട്രസ്റ്റ് 127 ലക്ഷം കരാറുകളിൽനിന്ന് 159 ലക്ഷമായി വർധിച്ചു. ഓപ്പറേറ്റർമാർ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഉത്സാഹിച്ചതായി വേണം അനുമാനിക്കാൻ. നിഫ്റ്റി ഫ്യൂച്ചർ ചാർട്ടും ബെയറിഷ് മൂഡിലായതിനാൽ 23,000-22,900 റേഞ്ചിലേക്കു തിരുത്തൽ സാധ്യത.
മുംബൈ സെൻസെക്സ് 79,223 പോയിന്റിൽനിന്നും 79,498 വരെ കയറിയ ശേഷമാണ് വിപണി തിരുത്തലിനു നീക്കം നടത്തിയത്. മുൻനിര രണ്ടാംനിര ഓഹരികളിൽ അലയടിച്ച വിൽപ്പന സമ്മർദത്തിൽ സൂചിക 77,133 വരെ ഇടിഞ്ഞെങ്കിലും വാരാന്ത്യ ക്ലോസിംഗിൽ 77,378 പോയിന്റിലാണ്.
ഈവാരം സെൻസെക്സ് 78,873നെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത പ്രതിരോധമായ 80,368 പോയിന്റിലേക്കു വിപണിയുടെ ദൃഷ്ടിതിരിയും. സെൻസെക്സിന്റെ ആദ്യ താങ്ങ് 76,504 പോയിന്റിലാണ്, ഇത് നിലനിർത്താനായില്ലെങ്കിൽ സൂചിക 75,638 പോയിന്റിലേക്കു തിരുത്തലിനു മുതിരാം.
ആഗോള ക്രൂഡ് ഓയിൽ വില ഉയർന്നു. എണ്ണ വില ബാരലിന് 78.40 ഡോളറിൽനിന്നും 80ലേക്ക് ചുവടുവച്ച ശേഷം 79.63 ഡോളറിൽ ക്ലോസിംഗ് നടന്നു. രാജ്യാന്തര സ്വർണവിലയിൽ ഉണർവ് കണ്ടു. ട്രോയ് ഔൺസിന് 2638 ഡോളറിൽനിന്നും 2709 ഡോളർ വരെ ഉയർന്നങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ സ്വർണം 2690 ഡോളറാണ്.