ആളൂര്‍: കടുത്തവേനലില്‍ പോലും തെളിനീരിന്റെ നിറസമൃദ്ധിയുണ്ടായിരുന്ന ആളൂര്‍ കദളിച്ചിറ നവീകരണമില്ലാതെ നാശത്തിന്റെ വക്കില്‍. നാലേക്കറോളം വിസ്തൃതിയുള്ള ചിറ മാലിന്യവും ചണ്ടിയും പുല്ലും നിറഞ്ഞു നശിക്കുകയാണ്. ആളൂര്‍ പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്കു കുടിവെള്ളം പമ്പുചെയ്യുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയുടെ ഒരുഭാഗത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്. ഉറുമ്പന്‍കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലക്കു പമ്പ് ചെയ്യപ്പെടുന്ന വെള്ളം കൊമ്പൊടിഞ്ഞാമാക്കല്‍, ആനത്തടം, എടത്താടന്‍ കവല, ഉറുമ്പന്‍കുന്ന്, ആളൂര്‍ ജംഗ്ഷന് തുടങ്ങിയ മേഖലയിലാണു വിതരണം ചെയ്യപ്പെടുന്നത്.
ചാലക്കുടി നഗരസഭയുടെ ചില പ്രദേശങ്ങളിലേക്കും ഇവിടെ നിന്നു കുടിവെള്ളം എത്തുന്നുണ്ട്. ആനത്തടം പ്രദേശത്തേക്ക് ജലസേചനത്തിനു വെള്ളം എത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും ചിറയുടെ മറ്റൊരുവശത്ത് സ്ഥാപിച്ചിട്ടുണ്ട്. സമീപത്തുകൂടി കടന്നുപോകുന്ന ചാലക്കുടി ഇറിഗേഷന്‍ വലതുകനാലില്‍ നിന്ന് ചിറയിലേക്കു വെള്ളമെത്തിക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചിറയുടെ കരയില്‍ സ്ഥാപിച്ച സിമന്റു ബെഞ്ചുകള്‍ ഇടിഞ്ഞും കാടുമൂടിയും കിടക്കുകയാണ്. പൂര്‍വികര്‍ സമ്മാനിച്ച കദളിച്ചിറയിലെ ജലസമ്പത്ത് കാത്തുസൂക്ഷിക്കാനും ചിറയും പരിസരവും സൗന്ദര്യവല്‍ക്കരിക്കാനും നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.