ചാവക്കാട്: രാജാ സ്കൂളിൽ നടന്ന തൃശൂർ സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ദേവമാതാ സ്കൂളും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ പുറനാട്ടുകര അമല മേരിറാണി സ്കൂളും രണ്ടാംസ്ഥാനം നേടി.
സമാപനസമ്മേളനത്തിൽ ഇന്ത്യൻ ബാസ്കറ്റ്ബോൾ കോച്ച് പി.സി. ആന്റണി സമ്മാനദാനം നിർവഹിച്ചു. രാജ സ്കൂൾ മാനേജിംഗ് ട്രസ്റ്റി എ. അബ്ദുൽആസിം, പ്രിൻസിപ്പൽ കെ.എ. ഷമീം ബാവ, മാനേജർ ടി. മധുസൂദനൻ കായിക അധ്യാപകരായ കെ.ഡി. നിധീഷ്, അശ്വതി അജിത്, സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ അദ്നാൻ അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.രണ്ടുദിവസമായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം നേരത്തേ എസ്എസ്സിടി പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ നിർവഹിച്ചു.