കോടിമത രണ്ടാംപാലം: നിര്‍മാണം പുനരാരംഭിക്കുന്നു
1429974
Monday, June 17, 2024 6:43 AM IST
കോട്ടയം: ഒമ്പത് വര്‍ഷമായി പാതിവഴിയില്‍ മുടങ്ങിയ കോടിമത രണ്ടാംപാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. പഴയ കരാറുകാരനു തന്നെയാണു പുതിയ നിര്‍മാണച്ചുമതല. 10 കോടിയില്‍ നിര്‍മാണം പൂര്‍ത്തിയാകേണ്ടിയിരുന്ന പാലത്തിന് ഇപ്പോള്‍ 17 കോടിയാണ് ചെലവ് കണക്കാക്കുന്നത്. അധികമായി 6.50 കോടി രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നു. ഇതോടെയാണ് മൊത്തം നിര്‍മാണചെലവ് 17 കോടി രൂപയായി ഉയര്‍ന്നത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിയായിരിക്കെയാണു പാലം നിര്‍മാണം തുടങ്ങിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണു പാലം പണി പുനരാരംഭിക്കാന്‍ ധാരണയായത്. ഇതുപ്രകാരം കരാര്‍ നല്കി.
18 മാസം നിര്‍മാണ കാലാവധി നിശ്ചയിച്ച് 2015 ഓഗസ്റ്റിലായിരുന്നു കോടിമത രണ്ടാംപാലത്തിന്റെ നിര്‍മാണമാരംഭിച്ചത്. കോടിമത ഭാഗത്തെ എംസി റോഡ് വികസനത്തോടൊപ്പം പാലവും പൂര്‍ത്തിയാക്കാനായിരുന്നു ശ്രമം.
പാലത്തിനു താഴെയായി താമസിച്ചിരുന്ന രണ്ടു കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം ഫലം കാണാഞ്ഞതിനെത്തുടര്‍ന്ന് നിര്‍മാണം പാതിവഴിയില്‍ നിലച്ചു. കെഎസ്ടിപി നിശ്ചയിച്ച നഷ്ടപരിഹാരത്തുക കുറവായതിനാലാണ് ഇവര്‍ എതിര്‍പ്പുന്നയിച്ചത്. ഇതോടെ നിര്‍മാണം നീണ്ടു.
കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിട്ടും പരിഹാരമാകാതിരുന്നതോടെ 2017 മേയില്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചു. ഇതിനിടെ എംസി റോഡ് നവീകരണം കെഎസ്ടിപി പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പിനു കൈമാറിയതോടെ പകുതി നിര്‍മിച്ച പാലം നോക്കുകുത്തിയായി.
പ്രതിഷേധം ശക്തമായതോടെ കോട്ടയം നഗരസഭ ഒരു കുടുംബത്തെ ലൈഫ് പദ്ധതിവഴി സ്ഥലവും വീടും ലഭ്യമാക്കി പുനരധിവസിപ്പിച്ചു. രണ്ടാമത്തെ കുടുംബത്തെ മാറ്റിത്താമസിപ്പിക്കുന്നതു വീണ്ടും വൈകി. ഒരു സന്നദ്ധ സംഘടന താത്പര്യമെടുത്തു സ്ഥലവും വീടും ലഭ്യമാക്കിയതോടെ അവരും മാറി.
ഇതിനിടെ, നിര്‍മാണത്തില്‍നിന്ന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് സര്‍ക്കാരിനു കത്ത് നല്‍കിയത് മറ്റൊരു കടമ്പയായി. പിന്നീട് നടന്ന ചര്‍ച്ചകളില്‍ പാലംപണി പുനരാരംഭിക്കണമെന്ന ആവശ്യം മുമ്പോട്ടുവന്നു. മന്ത്രി മുഹമ്മദ് റിയാസും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും നടത്തിയ ചര്‍ച്ചയില്‍ സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ക്ഷണിച്ച ടെന്‍ഡറിലാണ് നിര്‍മാണം പുനരാരംഭിക്കാന്‍ ധാരണയായത്. കോടിമത രണ്ടാംപാലം യാഥാര്‍ഥ്യമാകുന്നതോടെ എംസി റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
എല്ലാ തടസങ്ങളും തീര്‍ന്നതായും പഴയകരാറുകാരന് ഉടന്‍ പാലം നിര്‍മാണം ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു.