മട്ടന്നൂർ: കണ്ണൂർ എയർപോർട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ജോസഫ് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ഉപവാസം നടത്തി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിവസമാണ് വിമാനത്താവള റോഡ് ജംഗ്ഷനായ വായാന്തോട് രാജീവ് ജോസഫ് നിരാഹാരസമരം ആരംഭിച്ചത്. സമരം ഒമ്പതു ദിവസം പിന്നിട്ടതോടെ നിരവധി പേരാണ് ഐക്യദാർഡ്യം പ്രഖ്യാപിച്ചുവരുന്നത്. ഇതിനിടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലും ഐക്യദാർഢ്യ ഉപവാസവും നടത്തിയത്.
മട്ടന്നൂർ ഐബി പരിസരത്ത് നിന്ന് വ്യാപാരികൾ പ്രകടനവുമായെത്തിയാണ് ഉപവാസം തുടങ്ങിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും വ്യാപാരികളും വൈകുന്നേരം വരെ ഉപവാസത്തിൽ പങ്കുചേർന്നു. ഉപവാസം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ വി.കെ. സുരേഷ് ബാബു, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ, കെവിവിഇഎസ് ജില്ലാ നേതാക്കളായ സി.സി. വർഗീസ്, സി.കെ. രാജൻ, കെ.എസ്. റിയാസ്, കെ. രാഘവൻ, പോക്കു ഹാജി, ജോർജ് തോണിക്കൽ, കെ.എം. ഹരിദാസ്, ഷാബി ഈപ്പൻ, തോമസ് സ്വർണപള്ളി, ജോൺസൺ ചെറുപുഴ, റോയ്, മുസ്തഫ ദാവാരി, പി.കെ. സനീഷ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്ന് ഏകോപന സമിതി പ്രവർത്തകർ സമരത്തിലൂടനീളം അഭിവാദ്യമർപ്പിക്കാൻ സമരപ്പന്തലിലെത്തി ഉപവാസം അനുഷ്ഠിക്കുന്നവരെ ഷാൾ അണിയിച്ചു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.