പരിയാപുരം ചീരട്ടാമല റോഡില്‍ വീണ്ടും വാഹനാപകടം
1454932
Saturday, September 21, 2024 5:24 AM IST
പെരിന്തല്‍മണ്ണ: അപകടം വിട്ടൊഴിയാതെ പരിയാപുരം ചീരട്ടാമല റോഡ്. ഇന്നലെ വീണ്ടും ഈ റൂട്ടില്‍ വാഹനാപകടമുണ്ടായി. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി തൊട്ടടുത്ത വീടിന്റെ മതില് ഇടിച്ചുതകര്‍ത്ത് കാര്‍പോര്‍ച്ചിന് സമീപത്തേക്ക് കൂപ്പുകുത്തി നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ വാഹനത്തിന്റെ കാബിന് തകര്‍ന്നെങ്കിലും ഡ്രൈവര്‍ സ്റ്റാലിന് (28) പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട ലോറി രണ്ട് വൈദ്യുതി തൂണുകളും മതിലും തകര്‍ത്ത് മുല്ലമംഗലം കുര്യാക്കോസിന്റെ വീട്ടുമുറ്റത്തേക്കാണ് മറിഞ്ഞത്.
തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് ഫ്രൂട്ടി ഡ്രിങ്കുമായി പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള ഇറക്കവും കൊടിയ വളവുകളും നിറഞ്ഞ ചീരട്ടാമല പരിയാപുരം റോഡില്‍ വാഹനാപകടങ്ങള്‍ പതിവാണ്. പലപ്പോഴും പരിചയമില്ലാത്ത ഡ്രൈവര്‍മാരാണ് ചരക്കുലോറിയുമായി വന്ന് ഇവിടെ അപകടത്തില്‍പ്പെടുന്നത്.
പ്രദേശത്ത് അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. പുലാമന്തോള്‍ പെരിന്തല്‍മണ്ണ റൂട്ടില്‍ റോഡ് പാടെ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ വളയംമൂച്ചിയില്‍ നിന്ന് ചീരട്ടാമല വഴി അങ്ങാടിപ്പുറത്തേക്ക് പ്രവേശിക്കുന്നു.
ഈ പാതയാണ് അപകടകെണിയാകുന്നത്.
ഒരു വര്‍ഷം മുമ്പ് ഇവിടെ ഡീസല്‍ ലോറി മറിഞ്ഞ് സമീപത്തെ കിണറുകളില്‍ ഡീസല്‍ കലര്‍ന്നത് വലിയ സംഭവമായിരുന്നു. ഇതോടെ ഏറെ നാള് കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റതായി. ഇപ്പോഴും പലരുടെയും കിണറുകളില്‍ ഡീസല്‍ സാന്നിധ്യമുണ്ട്. അതേസമയം ഈ അപകട്ത്തിനു ശേഷവും ഈ പ്രദേശത്ത് അപകടം ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ കാര്യക്ഷമമായ നടപടികളൊന്നും ഇപ്പോഴും ചെയ്തിട്ടില്ല.