സാമൂഹിക, സാമ്പത്തിക മേഖലയിലെ വികസനത്തിന് തനതായ പദ്ധതികള്‍ വേണം: ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി
1454926
Saturday, September 21, 2024 5:18 AM IST
മലപ്പുറം: സാമൂഹിക, സാമ്പത്തിക മേഖലയില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലും വ്യത്യസ്ത പ്രവര്‍ത്തന രീതികളാണെന്നും വികസനത്തിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ബാങ്കുകള്‍ ഓരോ ജില്ലയ്ക്കും തനതായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. സുസ്ഥിര വികസനം ലക്ഷ്യമാക്കിയാകണം ഓരോ പദ്ധതികളും ആവിഷ്കരിക്കേണ്ടത്.
മലപ്പുറം മഹേന്ദ്രപുരി ഹോട്ടലില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക, സാമ്പത്തിക മേഖലകളില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലും വ്യത്യസ്ത രീതികളാണുള്ളത്.
നൈപുണ്യ വികസന മേഖലയില്‍ ഒരുപാട് മുന്നേറിയ ജില്ലയാണ് മലപ്പുറം. പ്രവാസികള്‍, കര്‍ഷകര്‍, ലഘുഇടത്തരം വ്യവസായങ്ങള്‍, മത്സ്യതൊഴിലാളികള്‍ എന്നിവരാണ് മലപ്പുറം ജില്ലയുടെ സാമ്പത്തിക മേഖലയെ നിലനിര്‍ത്തുന്നത്.
ജില്ലയുടെ ആവശ്യങ്ങള്‍ കൂടി മനസിലാക്കി വേണം ജില്ലയ്ക്കായുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം. മെഹറലി അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ എം. മുത്തുകുമാര്‍, നബാര്‍ഡ് ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ എ. മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എജിഎം ശ്രീവിദ്യ, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എം.എ. ടിറ്റന്‍ തുടങ്ങിയവര്‍ സംസാരിച്ചു.