ഏലം ബോർഡ് പുനഃസ്ഥാപിക്കണം: കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ
Saturday, February 22, 2025 10:39 PM IST
കൊച്ചി: ഏലം ബോർഡ് പുനഃസ്ഥാപിക്കണമെന്ന് വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ.
സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഉന്നതതല യോഗത്തിലാണ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിനോട് ഫെഡറേഷൻ ചെയർമാൻ സ്റ്റനി പോത്തൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ഏലം മേഖല നേരിടുന്ന വിവധ പ്രശ്നങ്ങൾ അടങ്ങിയ നിവേദനവും മന്ത്രിക്കു നൽകി.
നിലവിൽ 52 സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന സ്പൈസസ് ബോർഡിനു കീഴിലാണ് ഏലമുള്ളത്. ഒന്നര ലക്ഷം ഏക്കർ കൃഷിയും ഒന്നര ലക്ഷത്തോളം കർഷകരും രണ്ടര ലക്ഷം തൊഴിലാളികളും ഉൾപ്പെട്ടതാണ് ഏലം മേഖല. അതിനാൽ ഏലത്തിനു പ്രത്യേകമായി ബോർഡ് രൂപീകരിക്കണമെന്നാണ് ആവശ്യം.
സ്പൈസസ് ബോർഡിനുള്ള ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിഎച്ച്ആർ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം. രണ്ടു നൂറ്റാണ്ടായി ഏലം കൃഷി ചെയ്യുന്ന മേഖലയാണ് സിഎച്ച്ആർ.
ഈ ഭൂമി റവന്യു വകുപ്പിനു കീഴിലുള്ളതാണെന്നതിന് വ്യക്തമായ രേഖകളുണ്ട്. എന്നിട്ടും ഇതു വനഭൂമിയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘടനയുടെ വരുമാനസ്രോതസ് അന്വേഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.