അപകടകരമായ ഉള്ളടക്കങ്ങൾ; സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ തയാറെടുത്ത് കേന്ദ്രസർക്കാർ
Sunday, February 23, 2025 1:00 AM IST
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ അശ്ലീലവും അക്രമവും കലർന്ന ഉള്ളടക്കങ്ങൾ വ്യാപകമാകുന്നതിനിടെ ഇതു നിയന്ത്രിക്കാൻ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. സമൂഹ മാധ്യമങ്ങളിലെ അപകടകരമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് കർശനമായ നിയമ ചട്ടക്കൂട് നിർമിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ നിയമവ്യവസ്ഥകളെപ്പറ്റിയും പുതിയൊരു നിയമചട്ടക്കൂട് നിർമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വിലയിരുത്തി വരികയാണെന്ന് മന്ത്രാലയം ഐടി ഇലക്ട്രോണിക്സ് വകുപ്പിന്റെ പാർലമെന്ററി സമിതിയെ അറിയിച്ചു.
ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അപകടകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദുരുപയോഗിക്കുകയാണെന്ന് വാർത്താവിതരണ മന്ത്രാലയം പാർലമെന്ററി സമിതിക്കു നൽകിയ മറുപടിയിൽ വ്യക്തമാക്കി.
നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ നിർദേശിക്കാൻ ബിജെപി എംപി നിഷികാന്ത് ദുബെ അധ്യക്ഷനായ ഐടി ഇലക്ട്രോണിക്സ് വകുപ്പിന്റെ പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു.
അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിൽ ചില വ്യവസ്ഥകളുണ്ടെങ്കിലും കൂടുതൽ കർശനവും ഫലപ്രദവുമായ നിയമ ചട്ടക്കൂട് നിർമിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് വാർത്താവിതരണ മന്ത്രാലയം പാർലമെന്ററി സമിതിയെ അറിയിച്ചിരിക്കുന്നത്. സമിതിയുടെ അടുത്ത യോഗം ഈ മാസം 25നു ചേരും. കൃത്യമായ ചർച്ചകൾക്കുശേഷം വിശദമായ കുറിപ്പ് ഈ യോഗത്തിൽ നൽകുമെന്ന് വാർത്താവിതരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സമൂഹമാധ്യമ ഇൻഫ്ലുവൻസറായ രണ്‍വീർ അല്ലബാഡിയ നടത്തിയ അശ്ലീല പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽക്കൂടിയാണ് സമൂഹമാധ്യമങ്ങൾക്കു മൂക്കുകയറിടാൻ സർക്കാർ ആലോചിക്കുന്നത്.