ബംഗളൂരുവിൽ മർദനമേറ്റ് നൈജീരിയൻ സ്വദേശി മരിച്ചു
Sunday, February 23, 2025 1:00 AM IST
ബംഗളൂരു: മയക്കുമരുന്ന് കടത്തുകാരനെന്നു സംശയിച്ച് ചിക്കൻ സ്റ്റാൾ ഉടമയുടെ മർദനത്തിനിരയായ നൈജീരിയന്‍ വംശജന് മരിച്ചു. അദിയാക്കോ മസാലിയോ (40) എന്നയാളാണു മരിച്ചത്.
സംഭവത്തില്‍ ചിക്കൻ സ്റ്റാൾ ഉടമ യാസീന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിനടുത്ത് ബാഗലുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബെല്ലഹള്ളിയിൽ കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ചിക്കൻ സ്റ്റാളിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ അദിയാക്കോയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കടയുടമ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
ഇയാള്‍ മയക്കുമരുന്ന് ലഭിക്കുന്നതിനായി ലൊക്കേഷന്‍ ഷെയര്‍ ചെയ്യുകയാണെന്ന് സംശയിച്ച് കടയുടമ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പ്രകോപിതനായ അദിയാക്കോ തൊട്ടടുത്ത കടയില്‍നിന്ന് കത്തിയെടുത്ത് കടയുടമയെ കുത്തി.
തുടര്‍ന്ന് കടയുടമ മരക്കഷണം ഉപയോഗിച്ച് അദിയാക്കോയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഇയാൾ ഓടി രക്ഷപ്പെടുന്നതിനിടെ വീണു മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് യുവാവ് മരിച്ചത്.