തന്നെ ചെറുതാക്കാൻ നോക്കേണ്ടെന്ന് ഷിൻഡെ
Saturday, February 22, 2025 2:23 AM IST
നാഗ്പുർ: തന്നെ ചെറുതാക്കാൻ ആരും നോക്കേണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ഷിൻഡെയുടെ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് പ്രസ്താവന. നാഗ്പുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷിൻഡെ.
2022ൽ, എന്നെ ചെറുതായി കണ്ട വണ്ടി ഞാൻ മറിച്ചിട്ടു. ജനങ്ങളുടെ ഹൃദയത്തിൽ ഇടംകണ്ടെത്തിയ പുതിയ സർക്കാർ ഞങ്ങൾ രൂപവത്കരിച്ചു-ഷിൻഡെ പറഞ്ഞു. മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ച കാര്യമാണ് ഷിൻഡെ സൂചിപ്പിച്ചത്. ശിവസേനയെ പിളർത്തിയാണ് ഷിൻഡെ മുഖ്യമന്ത്രിയായത്.
താനും ഫഡ്നാവിസും തമ്മിൽ യാതൊരു ഭിന്നതയുമില്ലെന്ന് നാഗ്പുരിലെ മറ്റൊരു ചടങ്ങിൽ ഏക്നാഥ് ഷിൻഡെ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം മോഹിച്ച ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനമാണു കിട്ടിയത്. ഇതിൽ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
എൻസിപി നേതാവ് അദിതി താത്കറെയെ റായ്ഗഡ് ജില്ലയുടെയും ബിജെപി നേതാവ് ഗിരീഷ് മഹാജനെ നാസിക് ജില്ലയുടെയും ഗാർഡിയൻ മന്ത്രിമാരാക്കിയതിൽ ഷിൻഡെയ്ക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഫഡ്നാവിസ് വിളിച്ചുചേർത്ത പല യോഗങ്ങളിൽനിന്നും ഷിൻഡെ വിട്ടുനിന്നു.