സമീപഭാവിയിൽ 20,000 പൈലറ്റുമാരെങ്കിലും ആവശ്യം: വ്യോമയാന മന്ത്രി
Friday, February 21, 2025 12:50 AM IST
ന്യൂഡൽഹി: വളരെ വേഗം വളർച്ച കൈവരിക്കുന്ന വ്യോമയാനമേഖല എന്നനിലയിൽ രാജ്യത്തിനു 20,000 പൈലറ്റുമാരെയെങ്കിലും സമീപഭാവിയിൽ ആവശ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു.
രാജ്യത്തു വിമാനയാത്രക്കാരിൽ വൻ വർധനവുണ്ടാകുന്നുണ്ടെന്നും ഇന്ത്യൻ വിമാനകന്പനികളിലേക്ക് ഉടൻതന്നെ 1700 വിമാനങ്ങൾ വരുന്നതിനുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു. ഇതിനോടൊപ്പം വരുംവർഷങ്ങളിൽ വ്യോമയാന മേഖലയിലുണ്ടാകുന്ന വികസനം കൂടി കണക്കിലെടുക്കുകയാണെങ്കിൽ കൂടുതൽ പൈലറ്റുമാരെ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹിയിലെ ‘ഉഡാൻ ഭവനി’ ൽ പൈലറ്റുമാർക്കുള്ള ഡിജിറ്റൽ ലൈസൻസ് അവതരിപ്പിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങൾ ഇരട്ടിയായി 157 എണ്ണമായെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50 വിമാനത്താവളങ്ങൾക്കൂടി സ്ഥാപിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.