വയനാട്ടിലെ വന്യജീവി പ്രശ്നം; മുഖ്യമന്ത്രിക്കു കത്തയച്ച് പ്രിയങ്ക
Sunday, February 23, 2025 1:00 AM IST
ന്യൂഡൽഹി: വയനാട്ടിലെ വന്യജീവി പ്രശ്നത്തിൽ സംസ്ഥാനസർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തണമെന്ന് സ്ഥലം എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.
വന്യജീവി പ്രശ്നം പരിഹരിക്കുന്നതിനും വനത്തിനുള്ളിലെയും പുറത്തെയും മനുഷ്യജീവനുകളെ സംരക്ഷിക്കുന്നതിനുമായി സംസ്ഥാന സർക്കാർ മതിയായ സഹായം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ഫണ്ട് വിനിയോഗത്തെ ആധാരമാക്കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ഫണ്ട് ചെലവഴിക്കാൻ സാധിക്കുകയെന്നും അതിനാൽത്തന്നെ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നതിലുണ്ടാകുന്ന കാലതാമസം മൂലം കേന്ദ്രം ഫണ്ട് നൽകുന്നതിലും താമസമുണ്ടാകുന്നുവെന്ന് പ്രിയങ്ക കത്തിൽ ചൂണ്ടിക്കാട്ടി.
വന്യജീവിപ്രശ്നം പരിഹരിക്കുന്നതിന് പ്രാദേശിക ഭരണകൂടത്തിന്റെ പക്കൽ മതിയായ ഫണ്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. തെർമൽ ഡ്രോണുകൾ, കാമറ ട്രാപ്പുകൾ, തത്സമയ സിസിടിവി നിരീക്ഷണം, വന്യജീവി ചലനം നിരീക്ഷിക്കുന്നതിനുള്ള റേഡിയോ കോളറുകൾ എന്നിവ വയനാട്, മലപ്പുറം ജില്ലാ അധികാരികൾക്കു ലഭ്യമാക്കാൻ മതിയായ ഫണ്ടുകൾ അനുവദിക്കണം.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായി കൂടിയാലോചിച്ച് വന്യജീവി പ്രശ്നം ഏറ്റവുമധികം രൂക്ഷമായ മേഖലകളിൽ പ്രത്യേക ടീമിനെ സജ്ജമാക്കണം. ആനകളെ പ്രതിരോധിക്കുന്ന കിടങ്ങുകൾ, മതിലുകൾ, സോളാർ വേലികൾ, തൂക്കുവേലികൾ തുടങ്ങിയവ നിർമിക്കുന്നതിനും ഫണ്ട് അടിയന്തരമായി ആവശ്യമാണ്.
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സ്ഥിരമായ ജോലി നൽകണമെന്നും ഫോറസ്റ്റ് വാച്ചർമാർക്ക് മെച്ചപ്പെട്ട വേതനം ഏർപ്പെടുത്തണമെന്നും പ്രിയങ്ക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.