വിസിയുടെ വിലക്ക് ലംഘിച്ചു യോഗമെന്ന് രജിസ്ട്രാർ; പെരുമാറ്റച്ചട്ട ലംഘനമുണ്ടായില്ലെന്നും റിപ്പോർട്ട്
Friday, April 19, 2024 3:58 AM IST
തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിലക്ക് ലംഘിച്ചാണ് ജോണ് ബ്രിട്ടാസ് എംപി പങ്കെടുത്ത യോഗം കേരള സർവകലാശാലാ കാന്പസിൽ സംഘടിപ്പിച്ചതെന്ന് സർവകലാശാലാ രജിസ്ട്രാർ തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
പ്രതിമാസ പ്രഭാഷണ പരന്പരയുടെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ സംഘാടകരായ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനാ ഭാരവാഹികളോ യോഗത്തിൽ പ്രസംഗിച്ച ജോണ് ബ്രിട്ടാസ് എംപിയോ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും രജിസ്ട്രാറുടെ വിശദീകരണത്തിൽ പറയുന്നു.
ജോണ് ബ്രിട്ടാസ് രാഷ്്ട്രീയ പ്രസംഗം നടത്തിയതായോ വോട്ട് അഭ്യർഥിച്ചതായോ അറിയില്ല. ജീവനക്കാരിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രഭാഷണമാണ് നടത്തിയത്. ഓഫീസ് ഇടവേള സമയത്താണ് യോഗം നടത്തിയത്.
യോഗനടപടികൾ ചില മാധ്യമങ്ങൾ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു. യോഗം വിലക്കിയ സർവകലാശാലാ നടപടിയെ യോഗത്തിൽ വിമർശിച്ചിരുന്നതായും രജിസ്ട്രാറുടെ റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം, രാഷ്്ട്രീയപ്രസംഗം നടത്തിയ ബ്രിട്ടാസിനെയും സംഘാടകരെയും വെള്ളപൂശുന്നതാണ് റിപ്പോർട്ട് എന്നാണ് ആരോപണം. വിസിക്കെതിരേ ബ്രിട്ടാസ് നടത്തിയ പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നതു കൊണ്ട് അക്കാര്യം രജിസ്ട്രാറുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തി.
എന്നാൽ, യോഗത്തിന്റെയും ഇതിൽ ജോണ് ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ഉൾപ്പെടെയുള്ള പരാതി തെരഞ്ഞെടുപ്പു കമ്മീഷന് എതിർവിഭാഗം നൽകും.
രാഷ്്ട്രീയ പ്രചാരണ യോഗത്തിൽ പങ്കെടുത്ത സർവകലാശാലാ ജീവനക്കാരെ തെരഞ്ഞെടുപ്പുജോലിയിൽനിന്നു മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സെനറ്റ് അംഗങ്ങൾ ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി.