കേരളപൂരം 26ന്
Saturday, February 22, 2025 11:01 PM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് 2024-25 സീസണ് ഫൈനല്‍ പോരാട്ടത്തിനായി കേരള ടീം നാഗ്പുരില്‍.
ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. 2018-19ല്‍ സെമിയില്‍ എത്തിയതായിരുന്നു ഇതുവരെ കേരളത്തിന്റെ ഏറ്റവും മികച്ച നേട്ടം. എന്നാല്‍, 2024-25 സീസണില്‍ സെമിയും കടന്നു കേരളം ഫൈനലില്‍ എത്തിനില്‍ക്കുന്നു. വിദര്‍ഭയ്ക്കെതിരായ ഫൈനല്‍ ബുധനാഴ്ച നാഗ്പുരില്‍ നടക്കും.
കേരളത്തിനൊപ്പം ഗാവസ്കർ
അതേസമയം, രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം കേരളം നേടണമെന്ന് ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗാവസ്കര്‍. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് എത്തിയപ്പോഴാണ് ഗാവസ്കറിന്റെ പ്രതികരണം. തന്റെ പേരിലുള്ള റോഡിന്റെ നാമകരണ ചടങ്ങിനായി ആയിരുന്നു ഗാവസ്കര്‍ കാസര്‍ഗോഡ് എത്തിയത്.
അദ്ഭുത ജൈത്രയാത്ര
രഞ്ജി ട്രോഫി 2024-25 സീസണില്‍ കേരളം അദ്ഭുത ജൈത്രയാത്രയാണ് ഇതുവരെ നടത്തിയത്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഹരിയാനയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ക്വാര്‍ട്ടറില്‍ ഇടംനേടി. ഏഴു മത്സരങ്ങളില്‍ മൂന്നു ജയം നേടിയ കേരളം തോല്‍വി വഴങ്ങിയില്ല.
ക്വാര്‍ട്ടറില്‍ ഒന്നാം ഇന്നിംഗ്സില്‍ നേടിയ ഒരു റണ്ണിന്റെ ബലത്തില്‍ ജമ്മു കാഷ്മീരിനെ മറികടന്നു സെമിയില്‍. സെമിയില്‍ ഗുജറാത്തിനെതിരേ ഒന്നാം ഇന്നിംഗ്സില്‍ നേടിയ രണ്ടു റണ്ണിന്റെ ആനുകൂല്യത്തോടെ ഫൈനലിലും. അതും ഹെല്മറ്റില്കൊണ്ടുയര്ന്ന പന്തിലെ ക്യാച്ചിലൂടെയായിരുന്നു കേരളം രണ്ടു റണ്‍ ലീഡ് നേടിയതെന്നതാണ് ശ്രദ്ധേയം.
ഈ ഭാഗ്യ-ജൈത്രയാത്ര ഫൈനലിലും തുടര്‍ന്ന് കന്നി രഞ്ജി ട്രോഫിയില്‍ സച്ചിന് ബേബിയും സംഘവും മുത്തംവയ്ക്കട്ടെ എന്നാണ് കേരള ക്രിക്കറ്റ് ആരാധകരുടെ പ്രാര്‍ഥന.