ഓസ്ട്രേലിയക്ക് അഞ്ചു വിക്കറ്റ് ജയം
Saturday, February 22, 2025 11:01 PM IST
ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റിക്കാര്‍ഡ് സ്കോറും ചേസിംഗും കണ്ട മത്സരത്തിൽ ഓസ്ട്രേലിയ അഞ്ചു വിക്കറ്റിന് ഇംഗ്ലണ്ടിനെ കീഴടക്കി.
ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. 2004ല്‍ യുഎസ്എയ്ക്ക് എതിരേ ന്യൂസിലന്‍ഡ് 50 ഓവറില്‍ കുറിച്ച 347/4 ആയിരുന്നു ഇതുവരെ ചാമ്പ്യന്‍സ് ട്രോഫിയിലെ റിക്കാര്‍ഡ് സ്കോര്‍.
മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് നേടി ജയം സ്വന്തമാക്കി. ജോഷ് ഇംഗ്ലിഷിന്റെ (84 പന്തിൽ 120 നോട്ടൗട്ട്) സെഞ്ചുറിയാണ് ഓസീസിനെ ജയത്തിലെത്തിച്ചത്.
ബെന്‍ ഡക്കറ്റ് തകര്‍ത്തു
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ആദ്യ ആറ് ഓവറിനുള്ളില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. ഓപ്പണര്‍ ഫില്‍ സാള്‍ട്ടും (10), മൂന്നാം നമ്പറായെത്തിയ ജാമി സ്മിത്തും (15) കൂടാരം കയറുമ്പോള്‍ 5.2 ഓവറില്‍ 43 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലീഷ് സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
എന്നാല്‍, മൂന്നാം വിക്കറ്റില്‍ ജോ റൂട്ടും (78 പന്തില്‍ 68) ബെന്‍ ഡക്കറ്റും (143 പന്തില്‍ 165) ചേര്‍ന്ന് 158 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഓസീസ് തിരിച്ചടി
മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍ മാറ്റ് ഷോട്ട് (66 പന്തില്‍ 63) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ആദ്യ അഞ്ച് ഓവറിനുള്ളില്‍ ട്രാവിസ് ഹെഡ് (6), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (5) എന്നിവരെ ഓസീസിനു നഷ്ടപ്പെട്ടു.
മൂന്നാം വിക്കറ്റില്‍ മാര്‍നസ് ലബൂഷെയ്ന് (45 പന്തില്‍ 47) ഒപ്പം ഷോട്ട് 95 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ജോഷ് ഇംഗ്ലിഷും അലക്സ് കാരെയുമായിരുന്നു (69) കംഗാരുക്കളുടെ പ്രത്യാക്രമണം നയിച്ചത്. ഇരുവരും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 146 റണ്‍സ് പിറന്നു. ഗ്ലെൻ മാക്സ്വെൽ 15 പന്തിൽ 32 റൺസുമായി പുറത്താകാതെനിന്നു.