റയല്‍ ലാ ലിഗ വിടുമോ?
Wednesday, February 19, 2025 3:14 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് പുതിയ ലീഗിലേക്കു ചേക്കേറിയേക്കുമെന്ന് അഭ്യൂഹം.
ലാ ലിഗയിലെ മോശം അമ്പയറിംഗില്‍ പ്രതിഷേധിച്ചാണ് റയല്‍ മാഡ്രിഡ് പുതിയ ലീഗിലേക്കു ചേക്കേറാന്‍ ഒരുങ്ങുന്നതെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍, ഇതു നടപ്പിലാകുമോ എന്നു കണ്ടറിയണം.
ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് കഴിഞ്ഞ മത്സരത്തില്‍ ഒസാസുനയ്ക്ക് എതിരേ 1-1 സമനില വഴങ്ങിയിരുന്നു. മത്സരത്തിനിടെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഗം ചുവപ്പുകാര്‍ഡ് കണ്ടു. റഫറിയെ ബെല്ലിങ്ഗം അപമാനിച്ചെന്ന കുറ്റത്തിനായിരുന്നു കാര്‍ഡ്. എന്നാല്‍, നിരാശയില്‍ സ്വയമേ മോശംവാക്ക് ഉപയോഗിച്ചതായാണ് ബെല്ലിങ്ഗമിന്റെ വിശദീകരണം.
എന്നാല്‍, ലാ ലിഗ വിട്ട് റയലിന് അത്ര എളുപ്പത്തില്‍ പുറത്തു പോകാന്‍ സാധിക്കില്ല. കാരണം, ഫിഫ, യുവേഫ എന്നിവയ്ക്കൊപ്പം പുതിയ ലീഗിന്റെയും അനുമതി ലഭിച്ചാല്‍ മാത്രമേ അതു സാധ്യമാകൂ.