ക്യാച്ച് എടുത്ത് കോഹ്ലി, കളഞ്ഞുകുളിച്ച് രോഹിത്
Friday, February 21, 2025 12:07 AM IST
ക്യാച്ച് എടുക്കുന്നതിലൂടെ വിരാട് കോഹ്ലിയും നഷ്ടപ്പെടുത്തുന്നതിലൂടെ രോഹിത് ശര്‍മയും ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു ഇന്നലെ ദുബായിയില്‍ അരങ്ങേറിയത്.
ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന് ഷാന്റോ (0), ജാക്കര്‍ അലി എന്നിവരെ ക്യാച്ചിലൂടെ പുറത്താക്കിയ വിരാട് കോഹ്ലി റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടി.
ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഫീല്‍ഡര്‍ എന്ന റിക്കാര്‍ഡില്‍ മുഹമ്മദ് അസ്ഹറുദ്ദീന് ഒപ്പം കോഹ്ലി എത്തി. 156 ക്യാച്ചാണ് ഇരുവര്‍ക്കുമുള്ളത്.
ഏദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചില്‍ മഹേല ജയവര്‍ധനെ (218), റിക്കി പോണ്ടിംഗ് (160) എന്നിവര്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്തും കോഹ്ലി എത്തി. റോസ് ടെയ്ലറാണ് (142) നാലാം സ്ഥാനത്ത്.
അതേസമയം, അക്സര്‍ പട്ടേലിന്റെ ഹാട്രിക് അവസരം നഷ്ടപ്പെടുത്തിയ ക്യാച്ച് ഡ്രോപ്പിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാണക്കേടിന്റെ കണക്കു പുസ്തകത്തിലെത്തി.
2023 മുതല്‍ രോഹിത് താഴെയിട്ടത് 10 ക്യാച്ച്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നഷ്ടപ്പെടുത്തുന്ന ഫീല്‍ഡറാണ് രോഹിത്. ന്യൂസിലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ടോം ലാഥം മാത്രമാണ് (11) രോഹിത്തിനു മുന്നിലുള്ളത്.