എംബപ്പെ ഹാട്രിക്കില്‍ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി റയല്‍
Friday, February 21, 2025 12:07 AM IST
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ പ്ലേ ഓഫില്‍ ഇംഗ്ലണ്ട് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ മുക്കി സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ ഹാട്രിക്കിലൂടെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡ് 3-1ന്റെ ജയം സ്വന്തമാക്കി.
സൗന്ദര്യവും ക്ലാസും സംയോജിപ്പിച്ച മൂന്നു ഗോളായിരുന്നു (4’’, 33’’, 61’’) എംബപ്പെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലയില്‍ നിക്ഷേപിച്ചത്.
നികോളാസ് ഗോണ്‍സാലസിലൂടെ (90+2’’) ഇഞ്ചുറി ടൈമില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി തടയാനോ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കാനോ സാധിച്ചില്ല. ആദ്യപാദത്തില്‍ റയല്‍ 3-2നു ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 6-3ന്റെ ജയത്തോടെ റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടി.
പത്തടിച്ച് പിഎസ്ജി
പ്രീക്വാര്‍ട്ടര്‍ യോഗ്യതാ പ്ലേ ഓഫിന്റെ രണ്ടാംപാദത്തില്‍ ഫ്രഞ്ച് ക്ലബ് 7-0നു ബ്രെസ്റ്റിനെ കീഴടക്കി. ഇതോടെ ഇരുപാദങ്ങളിലുമായി 10-0ന്റെ ആധികാരിക ജയവുമായി പിഎസ്ജി അവസാന 16ല്‍ ഇടംനേടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഗോള്‍ വഴങ്ങാതെ ഒരു ടീം നേടുന്ന ഏറ്റവും വലിയ ജയമെന്ന റിക്കാര്‍ഡും പിഎസ്ജി ഇതോടെ സ്വന്തമാക്കി.
ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ഡച്ച് ക്ലബ് പിഎസ്വി ഐന്തോവന് എന്നിവയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിംഗിനെ ഇരുപാദങ്ങളിലുമായി 3-0നു കീഴടക്കിയാണ് ഡോര്‍ട്ട്മുണ്ട് പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.
ഗോള്‍ഡന്‍ ഗോള്‍ ജയം
ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനെ അധിക സമയത്തേക്കു നീണ്ട രണ്ടാം പാദത്തില്‍ 3-1നു തകര്‍ത്താണ് ഐന്തോവന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശം.
ആദ്യപാദത്തില്‍ യുവന്റസ് 2-1നു ജയിച്ചിരുന്നു. രണ്ടാംപാദത്തിന്റെ നിശ്ചിത സമയത്ത് 2-1നു ഐന്തോവനും ജയിച്ചു. അതോടെ ഇരുപാദങ്ങളിലെയും നിശ്ചിത സമയത്ത് ഫലം 3-3. അതോടെ മത്സരം അധിക സമയത്തേക്ക്.
98-ാം മിനിറ്റില്‍ ഐന്തോവന്റെ റയാന് ഫ്ളെമിംഗോ വലകുലുക്കി. ഫ്ളെമിംഗോയുടെ ഗോള്‍ഡന്‍ ഗോളില്‍ ഇരുപാദങ്ങളിലുമായി 4-3ന്റെ ജയം സ്വന്തമാക്കി യുവന്റസിനെ അട്ടിമറിച്ച് ഡച്ച് ക്ലബ് പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. 2007നുശേഷം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഐന്തോവന് ജയിക്കുന്നത് ഇതാദ്യമാണ്.