ആയുസ് റിക്കാർഡുകൾ ഭേദിച്ച മുത്തശിപ്പശു "കുട്ടു' വിടപറഞ്ഞു
1489325
Monday, December 23, 2024 2:08 AM IST
വടക്കഞ്ചേരി: കുട്ടു എന്ന മുത്തശിപ്പശു ഇനിയില്ല. ടൗണിനടുത്ത് മണ്ടുംപാല ജോൺസന്റെ വീട്ടിലെ ഓമനയായിരുന്ന പശു കഴിഞ്ഞദിവസം ചത്തു.
വിട പറഞ്ഞത് പശുക്കളുടെ ആയുസിന്റെ റിക്കാർഡുകൾ ഭേദിച്ച പശു. 18 വർഷമാണ് പശുവിന്റെ ആയുസെന്നു വെറ്ററിനറി ഡോക്ടർമാർ പറയുന്നു. എന്നാൽ കുട്ടു ജീവിച്ചിരുന്നത് 23 വർഷമാണെന്നു ജോൺസൺ പറഞ്ഞു.
വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു കുട്ടു. മുത്തശിപ്പശുവിനെക്കുറിച്ച് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാനും ദിവസമായി അവശനിലയിലായിരുന്നു പശു. വെറ്ററിനറി ഡോക്ടർമാരെ കൊണ്ടുവന്ന് പരിശോധിച്ചെങ്കിലും പ്രായാധിക്യത്തിന്റെ അവശതയാണെന്നും മരുന്നുകൾ കൊണ്ട് പ്രയോജനമില്ലെന്നും പറഞ്ഞു.
എങ്കിലും ചെറിയ ക്രെയിനിന്റെ സഹായത്തോടെ കിടപ്പിൽനിന്നും പശുവിനെ എഴുന്നേൽപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല.