കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ഭാവിവികസനത്തിനുള്ള രൂപരേഖയായി എല്‍ഡിഎഫ് അവതരിപ്പിച്ച പ്രകടനപത്രികയില്‍ നിറഞ്ഞുനില്ക്കുന്നത്, നിലവിലുള്ള പ്രഖ്യാപനങ്ങളും പദ്ധതികളും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ കേന്ദ്ര, സംസ്ഥാന, കൊച്ചി കോര്പറേഷന് ബജറ്റുകളുടെ പ്രതിഫലനമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്റെ വിജയത്തിലൂടെ സാക്ഷാത്ക്കരിക്കുമെന്ന് ഉറപ്പ് നല്കി അവതരിപ്പിച്ച പ്രകടനപത്രികയിലുള്ളത്.
അടിസ്ഥാന സൗകര്യമേഖലയില്‍ വലിയ പ്രഖ്യാപനമായി അവതരിപ്പിക്കുന്ന ഇടപ്പള്ളി-അരൂര്‍ 16 കിലോമീറ്റര്‍ ദൂരത്തില്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം നിലവില്‍ ദേശീയപാത അഥോറിറ്റി നടപ്പാക്കുന്ന പദ്ധതിയാണ്.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം എന്ന അവകാശത്തോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഭിമാനനേട്ടമായി അവതരിപ്പിച്ച വൈറ്റില മേലപ്പാലം പൂര്‍ത്തിയായി രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമായില്ലെന്ന് സമ്മതിക്കുന്നതാണ് ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരം കാണുമെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം.
ഫോര്‍ട്ട്കൊച്ചിയെയും വൈപ്പിനെയും ബന്ധിപ്പിച്ച് കപ്പല്ചാലിനടിയിലൂടെ ടണല്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും നേരത്തെയുള്ളതാണ്. എംജി റോഡ് മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ നാലുവരി പാത നിര്‍മിക്കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്.
മെട്രോ കടന്നുപോകുന്ന പാതയായതിനാല്‍ റോഡ് നവീകരണം കെഎംആര്‍എല്ലുമായുള്ള കരാറിലുള്ളതാണ്. വര്‍ഷങ്ങളായി സംസ്ഥാന, കോര്പറേഷന് ബജറ്റുകളിലുള്ള തമ്മനം-പുല്ലേപ്പടി, തേവര-പെരുമാന്നൂര്, പച്ചാളം-മാമംഗലം റോഡുകളുടെ വിപുലപ്പെടുത്തല്‍, കുടിവെള്ള വിതരണത്തിന് മാസ്റ്റര്‍പ്ലാന്‍, മറൈന്‍ഡ്രൈവില്‍ കേബിള്‍കാര്‍, വൈപ്പിനില്‍ ഓഷ്യനേറിയം, മഹാകവി വള്ളത്തോളിനും പി.ജെ. ആന്റണിക്കും സ്മാരകം, തൃപ്പൂണിത്തുറയില്‍ സഹോദരന് അയ്യപ്പന് സാംസ്കാരിക കേന്ദ്രം തുടങ്ങിയ പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്.
പാലാരിവട്ടം-കാക്കനാട് മെട്രോ റെയില്‍ നിര്‍മാണം പൂര്‍ത്തീകരണമാണ് പ്രകടനപത്രിക അവകാശപ്പെടുന്ന മറ്റൊരു പദ്ധതി. മൂന്നാംഘട്ടമായി നെടുമ്പാശേരി വഴി അങ്കമാലിയിലേക്ക് മെട്രോ പാത നീട്ടുമെന്നും പ്രകടന പത്രികയിലുണ്ട്. ഇവ രണ്ടും നിലവിലുള്ള പദ്ധതികളാണ്. പശ്ചിമ കൊച്ചിയിലേക്കും മെട്രോ പാത നീട്ടുമെന്ന പ്രഖ്യാപനം ഇക്കഴിഞ്ഞ കോര്പറേഷന് ബജറ്റിലേതാണ്. കാരിക്കാമുറിയില്‍ വൈറ്റില മൊബിലിറ്റി ഹബ് നിര്‍മിക്കുന്ന ടെര്‍മിനല്‍ പദ്ധതിയും പ്രകടനപത്രികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ സ്റ്റേഷന് നവീകരണ പദ്ധതികളും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എറണാകുളം മാര്‍ഷലിംഗ് യാര്‍ഡില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ടെര്‍മിനലും യാര്‍ഡും നിര്‍മിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്കുന്നു. കൊച്ചിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതിയും പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പാലാരിവട്ടം റിനൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രഫ. എം.കെ. സാനു പ്രകടനപത്രിക പ്രകാശിപ്പിച്ചു. ബാലചന്ദ്രന് ചുള്ളിക്കാട്, തനൂജ ഭട്ടതിരി, പ്രഫ. കെ.ജി. പൗലോസ്, എല്‍ഡിഎഫ് നേതാക്കളായ സി.എന്‍. മോഹനന്, ഗോപി കോട്ടമുറിക്കല്‍, സി.എം. ദിനേശ്മണി, കെ.എം. ദിനകരന്, കെ.വി. തോമസ്, എംഎല്‍എമാരായ കെ.എന്‍. ഉണ്ണിക്കൃഷ്ണന്, കെ.ജെ. മാക്സി, മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജോര്‍ജ് എടപ്പരത്തി, പി.ജെ. കുഞ്ഞുമോന്, ടോമി ജോസഫ്, സാബു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.