അഞ്ചലിലെ എസ്എഫ്ഐ, എഐഎസ്എഫ് സംഘര്‍ഷം : രണ്ട് എഐവൈഎഫ് നേതാക്കള്‍ റിമാൻഡിൽ
1478744
Wednesday, November 13, 2024 6:26 AM IST
അഞ്ചല്‍ : അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ കേസെടുത്ത പോലീസ് രണ്ട് എഐവൈഎഫ് നേതാക്കളെ അറസ്റ്റ് ചെയ്തു. എഐവൈഎഫ് അഞ്ചല്‍ മണ്ഡലം സെക്രട്ടറി എം.ബി നസീര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ആരോമല്‍ എന്നിവരെയാണ് അറ സ്റ്റ്ചെയ്തത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
സംഘര്‍ഷത്തെ തുടര്‍ന്നു എസ്എഫ്ഐ പ്രവര്ത്തകന് വൈശാക് നല്കിയ പരാതിയില്‍ പതിമൂന്ന് എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതേ സമയം എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയെ ആശുപത്രിയില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണ്ഡലം സെക്രട്ടറിയും സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥിയുമായ ശിവപ്രസാദിനെ മാരകായുധങ്ങളുമായി ആക്രമിക്കുന്നതും സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ തടയുന്നതടക്കം ദൃശ്യങ്ങളില്‍ കാണാം. ഈ സംഭവത്തില്‍ പോലീസ് ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഘം ചേര്‍ന്ന് ഒരാളെ ക്രൂരമമായി മര്‍ദിച്ചിട്ടും പോലീസ് നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണ് കേസെടുത്താതെന്നും ഇത് സിപിഎം നേതൃത്വത്തിന്റെ ഇടപെടീലിനെ തുടര്‍ന്നാണെന്നും എഐഎസ്എഫ്, എഐവൈഎഫ് നേതൃത്വം ആരോപിച്ചിരുന്നു.