കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിട നിർമാണം : അടുത്തമാസം പൂർത്തിയാകും: പി.സി. വിഷ്ണുനാഥ്
1479020
Thursday, November 14, 2024 6:17 AM IST
കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിട നിർമാണം അടുത്തമാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. കെട്ടിട സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്.
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ട് പോകുകയാണ്. ഓപ്പറേഷൻ തിയറ്ററുകളുടെ നിർമാണ ചുമതല കേരള മെഡിക്കൽ ബോർഡ് കോർപ്പറേഷനിൽ നിന്ന് കെഎസ്ഇബിയ്ക്ക് കൈമാറി.
തിയറ്ററുകൾ സജ്ജീകരിക്കുന്നതിനായുള്ള ഉപകരണങ്ങൾ കെഎംസിഎസിഎൽ ആണ് എത്തിക്കേണ്ടത്. ആശുപത്രി വികസിക്കുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ ആശുപത്രിയുടെ പ്രവർത്തനം സുഗമമാകൂ.
മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചപ്പോൾ ജീവനക്കാരുടെ എണ്ണത്തെപ്പറ്റി ആശുപത്രി ഉദ്യോഗസ്ഥർ നിർദേശം സമർപ്പിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജി. ബാബുലാൽ, പിആർഒ ഗിരീഷ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർപഴ്സൺ ഇജിദ്ര ലേഖ, പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി. അനിൽ,
സബ് എൻജിനീയർ എസ്. ഗീത, പ്രോജക്ട് എൻജിനീയർ ആർദ്ര രാജ്, സൈറ്റ് എൻജിനീയർ സുനിൽ കുമാർ, കുരീപ്പള്ളി സലിം, കെ. ബാബുരാജൻ, ജി. വിനോദ്കുമാർ, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവർ എംഎൽഎക്ക് ഒപ്പമുണ്ടായിരുന്നു.