കൊട്ടിയത്ത് ശുചിമുറി: ലീഗൽ സർവീസസ് അഥോറിറ്റിയിൽ പൗരവേദി ഹർജി നൽകി
1479018
Thursday, November 14, 2024 6:17 AM IST
കൊട്ടിയം: ജംഗ്ഷനിൽ ശുചിമുറി സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊട്ടിയം പൗരവേദി കൊല്ലം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയിൽ ഹർജി സമർപ്പിച്ചു. പൗരവേദി പ്രസിഡന്റും അഭിഭാഷകനുമായ കൊട്ടിയം എൻ. അജിത്കുമാർ ഹർജി ഫയൽ ചെയ്തു.
മയ്യനാട്, തൃക്കോവിൽവട്ടം പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ശുചിത്വ മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ എന്നിവരാണ് ഹർജിയിലെ എതിർ കക്ഷികൾ.
300 ലധികം കച്ചവട സ്ഥാപനങ്ങളും പ്രഫഷണൽ കോളജുകളും പോളിടെക്നിക്കും നഴ്സിംഗ് കോളജുകളും ഉൾപ്പെടെ 15 ലധികം പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും, അനേകം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് ആശുപത്രികളും ഒട്ടേറെ സർക്കാർ ഓഫീസുകളും ഉള്ള കൊട്ടിയം ജംഗ്ഷനിൽ ഒരു ദിവസം വന്നു പോകുന്നവരുടെ എണ്ണം 1,10,000 വരും.
സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ ഇത്രയേറെ പേർ വന്നു പോകുന്ന കൊട്ടിയം ജംഗ്ഷനിൽ ഒരു ശുചിമുറി ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്ത്രീകളും വിദ്യാർഥിനികളും പലപ്പോഴും ജംഗ്ഷന് സമീപമുള്ള വീടുകളേയും ഹോട്ടലുകളേയും ആശ്രയിക്കേണ്ടിവരുന്നു. കൊട്ടിയം മാർക്കറ്റിനുള്ളിൽ വൃത്തിഹീനമായ ശുചി മുറിയാണുള്ളത്.
അതിനു പകരം മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി അവിടെ ശിചിമുറി നിർമിച്ചാൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകില്ല. ഹർജി ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ആർ. ജിഷ മുകുന്ദൻ നിർദേശിച്ചു.