ജനറല്‍ ആശുപത്രി പദവി കാത്ത് പുനലൂർ താലൂക്ക് ആശുപത്രി
1478500
Tuesday, November 12, 2024 7:04 AM IST
പുനലൂര്‍: പുനലൂര്‍ താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പദവി ഉയര്‍ത്തുമെന്ന് 2021-ല്‍ അന്നത്തെ ആരോഗ്യ മന്ത്രി വാഗ്ദാനം ചെയ്തെങ്കിലും നടപടിയില്ല.
ജനറല്‍ ആശുപത്രിക്കായുള്ള സൗകര്യങ്ങള്‍ മുന്നില്‍കണ്ട് കഴിഞ്ഞ സര്‍ക്കാര്‍ താലൂക്ക് ആശുപത്രി പുനരുദ്ധരിച്ചിരുന്നു. 100 കോടിയോളം ചെലവഴിച്ച് 10 നില കെട്ടിടവും 333 കിടക്കകളും അനുവദിച്ചു.
ഏഴ് ശസ്ത്രക്രിയാ തിയറ്ററുകളും ഡയാലിസിസ് യൂണിറ്റും ഓക്സിജന്‍ പ്ലാന്റുമുള്പ്പടെ സജ്ജമാക്കി. കൊല്ലം ജില്ലയില്‍ മാത്രമാണ് ജനറല്‍ ആശുപത്രിയില്ലാത്തത്. സമീപ ജില്ലകളായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും രണ്ടും കോട്ടയം ജില്ലയില്‍ നാലും ജനറല്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ഒപി വിഭാഗത്തില്‍ മാത്രം ദിവസവും 3000-ത്തോളം രോഗികളെത്തുന്ന പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പദവി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പലതവണ പ്രമേയം പാസാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
50 കിലോമീറ്ററിലധികം ദൂരെയുള്ള അച്ചന്‍കോവില്‍ വനമേഖലയില്‍ നിന്നുള്ള രോഗികള്‍ ഉൾപ്പെടെ പുനലൂർ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെങ്കിലും സ്പെഷാലിറ്റിയടക്കമുള്ള ചികിത്സയ്ക്ക് 70 കിലോമീറ്ററിലധികം യാത്രചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകേണ്ട സ്ഥിതിയുണ്ട്. അത്യാഹിതങ്ങളും മറ്റു ഗുരുതര രോഗങ്ങളും വരുമ്പോഴാണ് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്.
താലൂക്ക് ആശുപത്രിയിലേക്ക് ഒടുവിൽ നിയമിച്ച ഹൃദ്രോഗ വിദഗ്ധനും ചുമതലയേല്ക്കാനിടയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തസ്തികയിലെ സീനിയോറിറ്റി സംബന്ധിച്ച വിഷയങ്ങളാണ് കാരണം.
മഞ്ചേരി ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് തസ്തികയിലുള്ള ഡോക്ടറെ പുനലൂരിലേക്ക് മാറ്റിനിയമിച്ച് രണ്ടാഴ്ച മുന്‍പ് ഉത്തരവിറങ്ങിയിരുന്നു. മുന്‍പും ഇവിടേക്ക് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും ചുമതലയേറ്റിട്ടില്ല. 2022-ലാണ് ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്റെ തസ്തിക അനുവദിച്ചത്. 10 മാസം മുന്‍പ് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തര നിയമനം ഉറപ്പു നല്‍കിയിരുന്നു.