അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയേറി
1478497
Tuesday, November 12, 2024 7:04 AM IST
അഞ്ചൽ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയേറി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജഹ്ഫറൂദീൻ പതാക ഉയർത്തിയതോടെ രചന മത്സരങ്ങൾക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി, വാർഡ് അംഗം ജാസ്മിൻ മഞ്ചൂർ, ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനസ് ബാബു, വിവിധ കമ്മിറ്റി ചെയർമാൻമാർ, അധ്യാപകർ തുടങ്ങിയവർ സന്നിഹതരായിരുന്നു. ഇന്ന് രാവിലെ പി.എസ് സുപാൽ എംഎൽഎ കലോത്സവത്തിന് ഔദ്യോഗികമായി തിരി തെളിയിക്കും. ഇതോടെ വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.
സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. ഉപജില്ലയിലെ എൽപി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള 80 സ്കൂളുകളിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരയ്ക്കും.
സ്കൂൾ ഗ്രൗണ്ടിൽ ക്രമീകരിച്ചിട്ടുള്ള പ്രധാന വേദി, ജീസസ് വേൾഡ് ഹാൾ, സ്കൂളിലെ ഓടിട്ട കെട്ടിടം, ഹയർ സെക്കൻഡറി ഓഡിറ്റോറിയം, ബിആർസിയുടെ മുകളിലെ ഹാൾ, ബിആർസിയുടെ താഴത്തെ നില, ഹയർ സെക്കൻഡറി ക്ലാസ് റൂം എന്നീ ഏഴ് വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്.