കർഷകരക്ഷാ സമിതി നേതാക്കളും മന്ത്രിയുമായി രണ്ടാംഘട്ട ചർച്ച ഇന്ന്
1497493
Wednesday, January 22, 2025 7:39 AM IST
ഒടയംചാൽ: ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുത ലൈൻ കടന്നുപോകുന്ന വഴിയിലെ കർഷകർക്കും മറ്റു സ്ഥലമുടമകൾക്കും ലഭിക്കേണ്ട നഷ്ടപരിഹാര പാക്കേജും അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കർഷകരക്ഷാസമിതി നേതാക്കളും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായുള്ള രണ്ടാംഘട്ട ചർച്ച ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന ചർച്ചയിൽ ജില്ലയിൽ നിന്നുള്ള അഞ്ച് എംഎൽഎമാരും പങ്കെടുക്കും.
കർഷകരക്ഷാ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, കൺവീനർ കെ. നാരായണൻകുട്ടി, എം.കെ. ഭാസ്കരൻ അട്ടേങ്ങാനം, സത്യനാഥ് കമ്പിക്കാനം, ഫ്രാൻസിസ് ജോസഫ് കാട്ടുകുക്കെ എന്നിവരാണ് സമിതിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. വൈദ്യുതി വകുപ്പിലെയും കെഎസ്ഇബിയിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വൈദ്യുത ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ വിശദമായ സർവേ നടത്തി നഷ്ടമാകുന്ന ഭൂമിയുടെയും കാർഷിക വിളകളുടെയും കൃത്യമായ കണക്കെടുപ്പ് നടത്താൻ കഴിഞ്ഞവർഷം ഒക്ടോബർ 24നു കർഷകരക്ഷാസമിതി നേതാക്കളും വൈദ്യുതി മന്ത്രിയുമായി നടന്ന ആദ്യഘട്ട ചർച്ചയിൽ ധാരണയായിരുന്നു. ഈ സർവേ ഇപ്പോൾ അവസാനഘട്ടത്തിലാണ്. കിനാനൂർ-കരിന്തളം മുതൽ പൈവളിഗെ വരെയുള്ള പഞ്ചായത്തുകളിൽ സർവേ പൂർത്തിയായിട്ടുണ്ട്. ഈ സർവേ പ്രകാരമുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര പാക്കേജിന് അന്തിമരൂപം നല്കുകയാണ് ഇന്നത്തെ ചർച്ചയുടെ ലക്ഷ്യം.
കാർഷികവിളകൾക്കുള്ള നഷ്ടപരിഹാരം കർഷകരക്ഷാ സമിതിയുടെ ആവശ്യപ്രകാരം നേരത്തേ പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിന് മുൻകാല പ്രാബല്യം നല്കണമെന്നാണ് സമിതിയുടെ ആവശ്യം. ആദ്യകാലങ്ങളിൽ നാമമാത്രമായ നഷ്ടപരിഹാരം മാത്രം നല്കിയ കർഷകർക്കും വർധിപ്പിച്ച തുകയുടെ ആനുകൂല്യം ലഭിക്കണം.
ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഭൂമിയുടെ ഫെയർ വാല്യൂവിന്റെ നാലിരട്ടി തുക ഭൂവുടമകൾക്ക് നല്കാമെന്ന നിർദേശം ആദ്യഘട്ട ചർച്ചയിൽ സർക്കാർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇത് പര്യാപ്തമല്ലെന്നും ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതിന് തത്തുല്യമായ നിരക്കിൽ നഷ്ടപരിഹാരം കണക്കാക്കി നല്കണമെന്നാണ് കർഷകരക്ഷാ സമിതിയുടെ ആവശ്യമെന്നും ചെയർമാൻ ഷിനോജ് ചാക്കോ പറഞ്ഞു. ലൈൻ കടന്നുപോകുന്ന വഴിയിലുടനീളം 46 മീറ്റർ വീതിയിലുള്ള സ്ഥലത്തിനും വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും ഈ നിരക്കിൽ നഷ്ടപരിഹാരം നല്കണം.
വൈദ്യുത ലൈൻ കടന്നുപോകുന്ന ഇടങ്ങളിലെല്ലാം 46 മീറ്റർ വീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ കൃഷി ചെയ്യാനോ അനുവദിക്കാത്ത സാഹചര്യത്തിൽ ഇത്രയും സ്ഥലം പൂർണമായും സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നല്കണമെന്നാണ് കർഷകരക്ഷാ സമിതി ആവശ്യപ്പെടുന്നത്.
വൈദ്യുത ലൈനിനായി ടവറുകൾ നിർമിക്കാൻ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സ്ഥലമുടമകൾക്ക് നല്കാനുള്ള നഷ്ടപരിഹാര കുടിശിക അടിയന്തരമായി കൊടുത്തുതീർക്കണം. നടുവിലൂടെ വൈദ്യുത ലൈൻ കടന്നുപോകുന്നതുമൂലം ഉപയോഗശൂന്യമാകുന്ന താരതമ്യേന ചെറിയ സ്ഥലങ്ങൾ പൂർണമായും ഏറ്റെടുത്ത് നഷ്ടപരിഹാരം നല്കണമെന്നും സമിതി നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെടുമെന്ന് ഷിനോജ് ചാക്കോ വ്യക്തമാക്കി.