50 ടണ്‍ ഇ-മാലിന്യം ക്ലീന്‍ കേരള കമ്പനിയിലേക്ക്; കൈറ്റിന്റെ ഇ-വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം വന്‍ വിജയം
1497491
Wednesday, January 22, 2025 7:39 AM IST
കാസര്‍ഗോഡ്: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്പനിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും സംയുക്ത നേതൃത്വത്തില്‍ നടത്തുന്ന സ്കൂള്‍തല ഇ-മാലിന്യശേഖരണ യജ്ഞത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മം കാസര്‍ഗോഡ് ഡിഡിഇ ടി.വി. മധുസൂദനന് നിര്‍വഹിച്ചു. കാസര്‍ഗോഡ് നഗരസഭ പരിധിയിലെ സ്കൂളുകളിലെ ഇ-മാലിന്യം നഗരസഭ ചെയര്മാന് അബ്ബാസ് ബീഗത്തില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന് ഗോപി ഏറ്റുവാങ്ങി.
കൈറ്റ് തയാറാക്കിയ ഇ-വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഡിസ്പോസല്‍ പോര്‍ട്ടലിലേയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ നിന്നു മാത്രം 50 ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങളാണ് അപ്ലോഡ് ചെയ്യപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിലൂടെ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളും ഹരിതവിദ്യാലയം എന്ന പദവിയിലേയ്ക്കുയരുകയാണ്.
ആദ്യദിന ശേഖരണത്തില്‍ കാസർഗോഡ് നഗരസഭ പരിധിയില്‍ ഉള്ള 19 സ്കൂളുകളില്‍ നിന്ന് 2916 കിലോഗ്രാം ഇ-മാലിന്യവും മധൂര്‍ പഞ്ചായത്ത് പരിധിയിലെ ആറു സ്കൂളുകളില്‍ നിന്ന് 746 കിലോഗ്രാം ഇ-മാലിന്യവും കൂടി ആകെ 3662 കിലോഗ്രാം ഇ-മാലിന്യം ക്ലീന്‍ കേരള കമ്പനി ശേഖരിച്ചു.
ഒന്നാംഘട്ട ശേഖരണത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത്, കുമ്പള പഞ്ചായത്ത്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്, പള്ളിക്കര പഞ്ചായത്ത്, ഉദുമ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപന പരിധിയിലെ സ്കൂളുകളില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യം ശേഖരിക്കുന്നതാണ്. തുടര്‍ന്ന് ജില്ലയിലെ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സ്കൂളുകളില്‍ നിന്നും ഇ-മാലിന്യം ശേഖരിക്കുന്നതാണ്.
കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. ജയന്, കോ-ഓര്‍ഡിനേറ്റര്‍ എച്ച്. കൃഷ്ണന്, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുള്‍ ഖാദര്‍, ക്ലീന്‍ കേരള കമ്പനി സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു.