103 കുടുംബശ്രീ ഉത്പാദന യൂണിറ്റുകള്‍ക്ക് സബ്സിഡി, 50 വിദ്യാലയങ്ങളില്‍ ഇന്‍സിനറേറ്റര്‍
1497000
Tuesday, January 21, 2025 1:03 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ജില്ലയിലെ 103 കുടുംബശ്രീ ഉത്പാദന യൂണിറ്റുകള്‍ക്ക് സബ്സിഡി അനുവദിക്കാന്‍ തീരുമാനമായി. ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ മേഖലകളിലുള്ള സംരംഭങ്ങളില്‍ ഏര്‍പ്പെട്ട കുടുംബശ്രീയുടെ 103 ഉത്പാദന യൂണിറ്റുകള്‍ക്കാണ് സഹായം ലഭിക്കുന്നത്. ജില്ലയിലെ 50 വിദ്യാലയങ്ങളില്‍ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കും. പെണ്‍കുട്ടികള്‍ക്ക് വളരെ സഹായകമാകുന്ന നൂതന പ്രോജക്ടാണിത്. ചെങ്കള, ബേഡഡുക്ക, ചെമ്മനാട്, പള്ളിക്കര, മൊഗ്രാല്‍, പിലിക്കോട്, പുല്ലൂര്‍-പെരിയ, കാറഡുക്ക, കൊളത്തൂര്‍, ചീമേനി സ്കൂളുകളില്‍ കൂടി മാകെയര്‍ പദ്ധതി ആരംഭിക്കും.
ഖല്‍ബിലെ ബേക്കല്‍ എന്നപേരില്‍ വ്യവസായ കേന്ദ്രവുമായി ചേര്‍ന്ന് നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റ് മികച്ച രീതിയില്‍ സംഘടിപ്പിക്കും. ചടങ്ങ് 24ന് രാത്രി എട്ടിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. 25ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. അബ്ദുറഹ്മാന്, 26ന് റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര് തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. വനിതാ സഞ്ചാരി കൂട്ടായ്മ സംഗമം, പാരന്റിംഗ് ബോധവത്കരണ ചര്‍ച്ച, സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാർഥികളെ ആദരിക്കല്‍, ഇശല്‍ സന്ധ്യ, നിക്ഷേപക സംഗമം, പ്രവാസി നിക്ഷേപകസംഗമം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരംസമിതി അധ്യക്ഷരായ ഗീത കൃഷ്ണന്, കെ. ശകുന്തള, എസ്.എന്‍. സരിത, എം. മനു, അംഗങ്ങളായ ഷിനോജ് ചാക്കോ, സി.ജെ. സജിത്, ഫാത്തിമത്ത് ഷംന, പി.ബി. ഷെഫീഖ്, എം. ശൈലജഭട്ട്, നാരായണ നായ്ക്, ജാസ്മിന് കബീര്‍, ജമീല സിദ്ദിഖ്, ജോമോന് ജോസ്, ഗോള്‍ഡന്‍ അബ്ദുറഹ്മാന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന എന്നിവര്‍ പങ്കെടുത്തു.